റാന്നി: അത്തിക്കയം മടന്തമണ്‍ മമ്മരപ്പള്ളിൽ സിൻജോ മോൻ കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു. സിൻജോ മോനെ തനിക്കൊപ്പം താമസിച്ചിരുന്ന യുവാവും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് യുവതി പോലീസ് മേധാവിക്കു നല്കിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ തിരവോണ നാളിലാണ് സിൻജോ മോനെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസന്വേഷണം ഏറ്റെടുത്ത് ലോക്കൽ അന്വേഷണം ആരംഭിച്ചെങ്കിലും തൃപതികരമല്ലന്നു ചൂണ്ടികാട്ടി സിൻജോ മോന്റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തി ക്രൈബ്രാഞ്ചിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി യുവതി മുന്നോട്ടു വന്നത്. സിൻജോയുടെ മൃതദേഹം കണ്ടനാളിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് രക്തം പുരണ്ട വസ്ത്രങ്ങളുമയാണ് കയറി വന്നതെന്ന് യുവതി പരാതിയിൽ പറയുന്നു.
എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ മർദ്ദനമായിരുന്നു മറുപടി. തുടർന്ന് വസ്ത്രങ്ങൾ തീയിട്ടു നശിപ്പിച്ചു. കയ്യിലുണ്ടായിരുന്ന ബാഗിൽ നോട്ടുകെട്ടുകളാണെന്ന് പിന്നീടാണ് യുവതിക്ക് മനസിലായത്. പിന്നീട് പുറത്തു പോയ യുവാവ് കുറച്ചു ദൂരെയുള്ള വീട്ടിൽ പണം സൂക്ഷിക്കാൻ ഏല്പിച്ചതായും യുവതി പറയുന്നു. യുവാവിനെ തേടി രണ്ടുപേർ വന്നതും ഇവരുടെ രഹസ്യ സംഭാഷണവുമാണ് കൊലപാതകത്തിൽ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്താൻ കാരണമായതെന്ന് യുവതി പറയുന്നു.