ഈ പണം എവിടുന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ കലിമൂത്ത് എന്നെ മര്‍ദ്ദിച്ചു; വിവസ്ത്രയാക്കി നിര്‍ത്തി അസഭ്യം പറഞ്ഞു;സിന്‍ജോ മോനെ കൊന്നത് തന്റെ ഭര്‍ത്താവ് ജോബിയെന്ന് ആവര്‍ത്തിച്ച് ഭാര്യ ശ്രീനി

പത്തനംതിട്ട: തിരുവോണ നാളില്‍ കൊല്ലപ്പെട്ട സിന്‍ജോമോന്റെ മരണത്തിനു പിന്നില്‍ തന്റെ ഭര്‍ത്താവെന്ന് ആവര്‍ത്തിച്ച് കൊലയാളിയെന്ന് സംശയിക്കപ്പെടുന്ന ജോബിയുടെ ഭാര്യ ശ്രീനി. ക്രൈംബ്രാഞ്ച് കേസന്വേഷണം മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നും സിന്‍ജോമോന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ തന്റെ ഭര്‍ത്താവായ ജോബിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഭാര്യ ശ്രീനി രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയില്‍ തുടരുകയാണെന്ന് അവര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ നാലിനാണ് സിന്‍ജോ മോന്റെ മൃതദേഹം വീടിന് സമീപത്തുള്ള കുളത്തില്‍ കണ്ടെത്തിയത്. ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ 13 മുറിവുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുങ്ങി മരിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ശ്വാസകോശത്തിലോ വയറ്റിലോ ഒരു തുള്ളിവെള്ളം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയിച്ചതോടെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ താടിയെല്ലിന് പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്ക് ശരീര ഭാഗങ്ങള്‍ അയച്ചിരിക്കുകയാണ്. മാസം എട്ടു കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് എത്തിയിട്ടില്ലെന്നും പിതാവ് ജേക്കബ് ജോര്‍ജും മാതാവ് സാലി ജേക്കബും പറഞ്ഞു. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി സുഹൃത്തിനൊപ്പം ഗാനമേള കേള്‍ക്കാനായിട്ടാണ് സിന്‍ജോ മോന്‍ ബൈക്കില്‍ പോയത്. രാത്രി വളരെ വൈകിയും മകന്‍ മടങ്ങി എത്തിയില്ല.നാലിന് രാവിലെ സിന്‍ജോയുടെ ബൈക്ക് വീടിന് സമീപം റോഡില്‍ ഇരിക്കുന്നത് കണ്ടു. എന്നാല്‍ മകനെ കാണാന്‍ കഴിഞ്ഞില്ല. തിരക്കി ഇറങ്ങിയ പിതാവ് ജേക്കബ് ജോര്‍ജിനോട് സ്ഥലവാസിയായ ഒരാള്‍ സിന്‍ജോയും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ തന്റെ വീടിനു നേരെ കല്ലെറിഞ്ഞതായി അറിയിച്ചു. മകന്‍ ഇതു വരെ വീട്ടില്‍ എത്തിയിട്ടില്ലെന്നും താന്‍ തിരക്കി ഇറങ്ങിയതാണെന്നും ജേക്കബ് ജോര്‍ജ് മറുപടി നല്‍കി. പിന്നീടാണ് മകന്റെ മൃതശരീരം സമീപമുള്ള കുളത്തില്‍ നിന്നും കണ്ടെത്തിയത്.

പത്തടി താഴ്ചയുള്ള കുളത്തില്‍ സംഭവം നടക്കുമ്പോള്‍ രണ്ടരയടി മാത്രമായിരുന്നു വെള്ളം. തന്റെ മകന്‍ രാത്രിയില്‍ ഒരിക്കലും അവിടേക്ക് പോകില്ലെന്ന് മാതാവ് സാലി ജേക്കബ് തറപ്പിച്ചു പറയുന്നു. ഈ സാഹചര്യത്തിലാണ് മകന്റെ മരണം കൊലപാതകമാണെന്ന് കുടുംബം വ്യക്തമാക്കുന്നത്. മകന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് അധികൃതരെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. സ്ഥലം എംഎല്‍എയുടെ ഭാഗത്തു നിന്നും ഒരാശ്വാസ വാക്കു പോലും ഉണ്ടായില്ല. മകന്റെ കൊലപാതകത്തിനു പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും ഇതേപ്പറ്റി സൂചന നല്‍കിയിട്ടും അധികൃതര്‍ മൗനം ഭജിക്കുകയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.

സിന്‍ജോ മോന്റെ മരണത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവ് ജോബിക്ക് പങ്കുണ്ടെന്ന് ഭാര്യ ശ്രീനി ജോബി വ്യക്തമാക്കി. മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയ ജോബി തന്നെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും പലപ്പോഴും തന്നെ കൊല്ലാന്‍ തുനിഞ്ഞിട്ടുണ്ടെന്നും ശ്രീനി ജോബി പറഞ്ഞു. അടിച്ചിപ്പുഴയില്‍ ബാലു എന്ന യുവാവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഇയാള്‍ ഇപ്പോള്‍ ജയില്‍ ശിക്ഷഅനുഭവിച്ചുവരുകയാണ്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ജോബി. സിന്‍ജോമോന്റെ മരണം നടക്കുന്നതിന് തലേദിവസം രാത്രി ഓട്ടം ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജോബി പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തിരികെയെത്തിയത്. മെറൂണ്‍ കളറുള്ള ഷര്‍ട്ടില്‍ രക്തക്കറ കണ്ടതോടെ താന്‍ കാരണം ചോദിച്ചതായി ശ്രീനി പറഞ്ഞു.

രണ്ടുപേര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെട്ടപ്പോള്‍ വസ്ത്രത്തില്‍ രക്തം പറ്റുകയായിരുന്നെന്നാണ് ജോബി അന്നു പറഞ്ഞത്. തനിക്ക് ഉടന്‍ കുളിക്കണമെന്ന് ജോബി പറഞ്ഞതനുസരിച്ച് പുറത്തുവച്ച് വെള്ളം ചൂടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവിന്റെ ജ്വാലയില്‍ ജോബി ഷര്‍ട്ട് കത്തിക്കുന്നത് കണ്ടപ്പോള്‍ ശ്രീനിക്ക് സംശയം ബലപ്പെട്ടു. ഇതിനിടെ ജോബിയുടെ കൈയില്‍ നിന്നും ഒരു പൊതിക്കെട്ട് തറയില്‍ വീണു. അതഴിച്ചു നോക്കിയപ്പോള്‍ 500 രൂപയുടെ കെട്ടാണ് കണ്ടത്. ഈ പണം എവിടുന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ കലിമൂത്ത ജോബി തന്നെ കണക്കിന് മര്‍ദ്ദിച്ചതായും ശ്രീനി പറഞ്ഞു. തുടര്‍ന്ന് വിവസ്ത്രയാക്കി നിര്‍ത്തി അസഭ്യം പുലമ്പി.

ദിവസങ്ങള്‍ക്ക് ശേഷം ജോബിയെ തിരക്കി രാത്രി രണ്ടുപേര്‍ വീട്ടില്‍ വന്നു. കിട്ടിയതിന്റെ പങ്ക് തങ്ങള്‍ക്കും ലഭിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പണം മറ്റൊരാളെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അതില്‍ നിന്നും അവര്‍ക്കുള്ള പങ്ക് നല്‍കാമെന്നും ജോബി സമ്മതിച്ചു. ഇവര്‍ തമ്മിലുള്ള സംസാരത്തിനിടെയാണ് സിന്‍ജോ മോനെ കൊന്നത് താനാണെന്ന് ജോബി വെളിപ്പെടുത്തിയത്. ഇക്കാര്യം താന്‍ മറഞ്ഞുനിന്ന് കേട്ടതാണെന്നും ശ്രീനി വെളിപ്പെടുത്തി. അടിച്ചിപ്പുഴയില്‍ ബാലു എന്ന യുവാവിനെയും കൊന്നത് താനാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. തെളിയിക്കാമെങ്കില്‍ തെളിയിക്കട്ടെ എന്നും ഇയാള്‍ വീമ്പടിച്ചിരുന്നുവത്രെ. ജോബിയെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും ശ്രീനി വെളിപ്പെടുത്തി.

 

 

Related posts