കോലഞ്ചേരി: തോരാ മഴയത്തും കടയിരിപ്പ് സംഘർഷഭരിതം. സിഐടിയു സമര പ്രവർത്തകരും ജോലിക്ക് കയറാൻ വന്ന തൊഴിലാളികളും തമ്മിൽ ഇന്നു രാവിലെ സംഘർഷമുണ്ടായി. സമര പ്രവർത്തകരുടെ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.തോളിന് സാരമായി പരിക്കേറ്റ ജയകുമാർ (46) എന്ന ജീവനക്കാരനെ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
രാവിലെ 7.30 ഓരെ കടയിരിപ്പ് ജംഗ്ഷനിൽ കൂടി നിന്ന് മുദ്രാവാക്യം വിളിച്ച സമര പ്രവർത്തകർ എട്ടോടെ ജോലിക്കെത്തിയ തൊളിലാളികളെ തടയുകയായിരുന്നു. സമര പ്രവർത്തകർക്ക് അനുഭാവം അർപ്പിച്ച് ഇന്ന് നൂറ് കണക്കിന് സിപിഎം, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകർ പ്രദേശത്തിന്റെ പല ഭാഗത്ത് നിന്നും എത്തിയിരുന്നു.
ഇവർ ജോലിക്കെത്തിയ തൊഴിലാളികളെ ഓടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഭയന്നോടിയ തൊഴിലാളികൾ കടയിരിപ്പ് ജംഗ്ഷനിലുള്ള സിന്തൈറ്റ് കോർപ്പറേറ്റ് ഓഫീസ് പരിസരത്തേക്ക് കൂട്ടമായി ഓടിക്കയറുകയായിരുന്നു.ഇത് കണ്ട സിപിഎം അനുകൂല സമര പ്രവർത്തകർ കോർപ്പറേറ്റ് ഓഫീസിന് പുറത്ത് നിന്ന് മുദ്രാവാക്യം വിളിച്ചു.
പോലീസ് നന്നേ പാടുപെട്ടെങ്കിലും ഇന്നലെ നടന്നത് പോലെ തൊഴിലാളികളെ അകത്ത് കയറ്റാൻ സാധിച്ചില്ല.സമരം മൂലം ഒരാഴ്ച്ചയിലേറെയായി പൂട്ടിയിട്ട സിന്തൈറ്റ് കന്പനി ഇന്നലെ തുറന്ന് പ്രവർത്തിച്ചിരുന്നു. ഇന്നും തൊഴിലാളികൾ കൂട്ടത്തോടെ എത്തുമെന്ന സൂചനയുടെഅടിസ്ഥാനത്തിൽ പല സമീപ പ്രദേശങ്ങളിൽ നിന്നും സിപിഎം പ്രവർത്തകരെ രാവിലെ തന്നെ എത്തിച്ചിരുന്നു.
മുവാറ്റുപുഴ ഡിവൈഎസ്പി കെ.ബിജുമോന്റ നേതൃത്വത്തിലുള്ള പോലീസ് സന്നാഹം ഇന്നും സ്ഥലത്തുണ്ടായിരുന്നു. പോലീസ് സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.