കോലഞ്ചേരി: സിന്തൈറ്റിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളി സമരം ഇന്ന് രാവിലെ മുതൽ കടയിരിപ്പ് സ്കൂൾ ജംഗ്ഷനിലേക്ക് മാറ്റി. കരാർ ലംഘിച്ച് 18 ഓളം തൊഴിലാളികളെ കേരളത്തിന് പുറത്തേക്ക് ട്രാൻസ്ഫർ ചെയ്തതിൽ പ്രതിഷേധിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
ഇന്ന് രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ ജംഗ്ഷനിൽ സിഐടിയു പ്രവർത്തകർ തടഞ്ഞു. കന്പനിക്കകത്തേക്ക് പ്രവേശിക്കാൻ തൊഴിലാളികളെ ഇവർ അനുവദിച്ചില്ല. ജോലിക്കെത്തുന്നവരെ തടയുന്നത് തുടരുകയാണ്. സമീപ പ്രദേശങ്ങളായ പൂതൃക്ക, തിരുവാണിയൂർ, ഐക്കരനാട്, പട്ടിമറ്റം, പുത്തൻകുരിശ് എന്നിവിടങ്ങളിൽ നിന്നെല്ലാം സിപിഎം പ്രവർത്തകർ സമരത്തിന് അഭിവാദ്യമർപ്പിച്ച് കടയിരിപ്പ് സ്കൂൾ ജംഗ്ഷനിലേക്ക എത്തിക്കൊണ്ടിരിക്കുകയാണ്. മുവാറ്റുപുഴ ഡി.വൈ.എസ്.പി.യുടെ കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ട്. ഇന്ന് ഉച്ചക്ക് 12 ന് കളക്ടറായി ചർച്ച വച്ചിട്ടുണ്ട്.
ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ തടയുന്ന നില തുടർന്നാൽ കന്പനി ലോക്കൗട്ട് ചെയ്യുമെന്ന് കന്പനി മാനേജ്മെന്റ് നേരത്തെ അറിയിച്ചിട്ടുണ്ട്. ജോലിക്കു വരുന്ന ജീവനക്കാരെ തടയുന്നത് തുടരുന്നത് വച്ചു പൊറുപ്പിക്കാനാവില്ല. അക്രമഭീഷണികൾക്കും അനാവശ്യങ്ങൾക്കും ഒരു കാരണവശാലും വഴങ്ങില്ലെന്നും മാനേജ്മെന്റ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.