കോലഞ്ചേരി: കടയിരിപ്പ് സിന്തൈറ്റ് കന്പനിയിൽ നടക്കുന്ന തൊഴിലാളി സമരത്തെ തുടർന്ന് ഇന്ന് ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സിഐടിയു പ്രവർത്തകർ തടഞ്ഞു. ഇന്ന് രാവിലെ 7.30 ഓടെ കടയിരിപ്പ് ജംഗ്ഷനിൽ വച്ചാണ് ജീവനക്കാരെ 100 ഓളം വരുന്ന പ്രവർത്തകർ തടഞ്ഞത്.
തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി 8.15 ഓടെ സമരക്കാരെ ലാത്തി വീശി മാറ്റി 300 ഓളം ജീവനക്കാരെ കന്പനിക്ക് അകത്ത് പ്രവേശിപ്പിച്ചു. പിന്നീട് സിഐടിയു പ്രവർത്തകർ കടയിരിപ്പ് ജംഗ്ഷനിൽ നിന്നും സിന്തൈറ്റ് ഗേറ്റിലേക്ക് പ്രകടനം നടത്തി.
ഗേറ്റിന് മുന്പിൽ കുത്തിയിരുന്ന പ്രതിഷേധം തുടരുകയാണ്. നാളെ മുതൽ ഒരു ജീവനക്കാരെയും കന്പനിക്ക് അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ശക്തമായി തടയുമെന്നും സമരക്കാർ അറിയിച്ചു. സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.