ന്യൂഡൽഹി: കൊള്ളവിലയ്ക്കു വാക്സിൻ വിൽക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന കോവിഷീൽഡ് വാക്സിൻ, പ്രാഥമിക നിരക്കിനേക്കാൾ ഒന്നര ഇരട്ടി തുകയിലാണു വിൽക്കുന്നതെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണു കന്പനിയുടെ വിശദീകരണം.
വാക്സിന് ആദ്യം പ്രഖ്യാപിച്ച വില രാജ്യങ്ങൾ മുൻകൂർ നൽകിയ തുകയെ അടിസ്ഥാനമാക്കിയുള്ളതാണെന്നു വിശദീകരിച്ച കന്പനി, വാക്സിന്റെ കൂടുതൽ ഡോസുകൾ നിർമിക്കാൻ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നു പറഞ്ഞു.
ഇന്ത്യയിലെയും ആഗോളവിപണിയിലെയും കോവിഡ് വാക്സിനുകളുടെ വില തമ്മിൽ കൃത്യമല്ലാത്ത താരതമ്യങ്ങളാണ് നടക്കുന്നത്.
നിലവിൽ വിപണിയിൽ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ വാക്സിനാണ് കോവിഷീൽഷെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ അറിയിച്ചു.
അസ്ട്രാസെനകയുടെ വാക്സിനായ കോവിഷീൽഡ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂനയിലെ പ്ലാന്റിലാണ് ഉത്പാദിപ്പിക്കുന്നത്.
കോവിഷീൽഡ് വാക്സിന്റെ ഒരു ഡോസിന് സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയുമാണ് കേന്ദ്ര സർക്കാരുമായുള്ള കരാറിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച നിരക്ക്.
കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിൽ നൽകിവരുന്ന ഡോസിനാണ് ഈ കൊള്ളവില ഈടാക്കൽ.