കൊച്ചി: ലോഡ്ജ് മുറിയിൽ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സിക്കെതിരേ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുക്കും.
കുട്ടിയുടെ സംരക്ഷണം ഇവരുടെ പക്കല്‍ എങ്ങനെ എത്തി എന്നതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയ ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ കൊച്ചിയിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്സി (52)യുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തില്‍ സിപ്സിക്ക് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവരെയടക്കം കുട്ടിയുടെ ബന്ധുക്കളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളും നടത്തും.
അറസ്റ്റിലായ ബിനോയിയെ ഇന്നലെ കൊലപാതകം നടന്ന ലോഡ്ജ് മുറിയിലെത്തിച്ച് തെളിവ് ശേഖരിച്ചു.
തുടർന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ഇന്ന് നൽകും.
ഭര്‍തൃമാതാവായ സിപ്സി മക്കളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കിയിരുന്നതായി നോറയുടെ അമ്മ ഡിക്സി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അറസ്റ്റിലായ ബിനോയിക്കെതിരേ ജില്ലയില്‍ ലഹരിക്കേസുകള്‍ നിലവിലുള്ളതായാണ് വിവരം.
“കുഞ്ഞിനെ ശിശുക്ഷേമസമിതിയെ ഏൽപിച്ചിരുന്നെങ്കില് ജീവനോടെ ഉണ്ടാകുമായിരുന്നു’’
കൊച്ചി: ബക്കറ്റില്‍ മുക്കിക്കൊന്ന ഒന്നരവയസുകാരി നോറയുടെയും സഹോദരന്റെയും സംരക്ഷണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) ബന്ധുക്കള്‍ കൈമാറിയിരുന്നെങ്കില്‍ നോറ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് അധികൃതര്‍.
കഴിഞ്ഞ ജനുവരിയിലാണ് നോറയുടെയും സഹോദരന്റെയും സംരക്ഷണം സംബന്ധിച്ച പരാതി ശിശുക്ഷേമ സമിതിക്ക് മുമ്പാകെ നല്‍കിയത്.
കുട്ടികളുടെ അമ്മ ഡിക്സി വിദേശത്തേക്ക് പോയതിനെ തുടര്‍ന്ന് ഇവരുടെ സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു പരാതി.
കുട്ടികളുടെ പിതൃമാതാവായ സിപ്സിയില്നിന്നു സംരക്ഷണം ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡിക്സിയുടെ ബന്ധുക്കളുടെ പരാതി.
ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതി ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അച്ഛൻ ഉള്ളപ്പോള്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ചെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്ത് തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ഡിക്സിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെയാണ് ശിശുക്ഷേമ സമിതി കുട്ടികളെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
ഇതിനുള്ള നടപടികള്‍ പുരോഗമിക്കവെ കുട്ടികളെ ഇപ്പോള്‍ ഏറ്റെടുക്കേണ്ടെന്നും താന്‍ മാര്‍ച്ച് ആദ്യവാരത്തോടെ വിദേശത്തുനിന്നു തിരിച്ചെത്തുമെന്നും ഡിക്സി അറിയിച്ചു.
കുട്ടികളെ അനാഥാലയത്തിന് കൈമാറുമോയെന്ന ആശങ്കയുണ്ടായതിനാലാവാം ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതില്‍നിന്നു ഡിക്സി പിന്മാറിയത്.
അന്ന് കൈമാറിയിരുന്നെങ്കില്‍ ഇന്ന് നോറ ജീവനോടെ ഇരിക്കുമായിരുന്നുവെന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ പറഞ്ഞു.