കൊച്ചി:കൊച്ചിയിലെ ലോഡ്ജി ൽ ഒന്നരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ പിതാവും പിതൃമാതാവും അറസ്റ്റിൽ.
പിതാവ് സജീവിനെ അങ്കമാലിയിലെ വീട്ടില്‍നിന്നും മുത്തശി സിപ്സി (52)യെ തിരുവനന്തപുരം ബീമാപള്ളി പരിസരത്തുനിന്നുമാണ് അറസ്റ്റു ചെയ്തത്.
കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ബാലനീതി നിയമപ്രകാരം ഇരുവർക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് നോറ മരിയ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സിപ്സിയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) എറണാകുളം നോര്‍ത്ത് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് സജീവിനെ പിടികൂടിയത്. കുഞ്ഞിന്റെ മരണത്തിനുശേഷം സിപ്സി തിരുവനന്തപുരത്തേക്കു കടന്നിരുന്നു.
ഇവർ ബീമാപള്ളി പരിസരത്തുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൂന്തുറ പോലീസ് നടത്തിയ പരിശോധനയിലാണ് സിപ്സി അറസ്റ്റിലായത്.
തന്റെ പരിചയക്കാരിയായ പൂന്തുറ സ്വദേശിനിയെ കാണുന്നതിനായി സിപ്സി വേഷം മാറിയാണ് ബീമാപള്ളിക്കു സമീപമെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
പോലീസ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോൾ സിപ്സി പോലീസിനുനേരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
പൂന്തുറ പോലീസ് അറസ്റ്റ് ചെയ്ത സിപ്സിയെ പിന്നീട് തന്പാനൂർ പോലീസിന് കൈമാറി. ഇവരെ ഉടൻ കൊച്ചി പോലീസിന് കൈമാറും.
മോഷണം, ലഹരിമരുന്ന് കച്ചവടം അടക്കമുള്ള കേസുകളിലെ പ്രതിയാണ് സിപ്സിയെന്ന് പോലീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയ് പോലീസിനു നൽകിയ മൊഴി.