പാലക്കാട്: പ്രതിഷേധ മുദ്രാവാക്യങ്ങളും സമര ബഹളങ്ങളുമില്ലാതെ ’ സാ..റെ.., സാ… റെ എന്ന് നീട്ടി വിളിച്ച് ഒരു സമരം.
ബ്രിട്ടീഷ് വിധേയത്വ പദങ്ങളായ സർ, മാഡം വിളി ഉപേക്ഷിക്കാൻ തയ്യാറാവാത്ത പാലക്കാട് നഗരസഭ നിലപാടിൽ പ്രതിഷേധിച്ചാണ് സംസ്കാരസാഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു സമരം നടന്നത്.
ദൈവത്തെ പോലും പേര് ചൊല്ലി വിളിക്കുന്ന നാട്ടിൽ ,ദൈവത്തെക്കാൾ മുകളിലാണ് തങ്ങളെന്ന ഭരണവർഗ്ഗ ചിന്തയാണ് സർ, മാഡം വിളി ഉപേക്ഷിക്കാൻ തടസമാകുന്നതെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ.
പ്രതിഷേധ സാർ വിളിയും നാടകാവതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ അടിമകളായി കണ്ടിരുന്ന കോളോണിയൽ മനോഭാവത്തിന്റെ പിന്തുടർച്ചക്കാരായ ഭരണാധികാരികളെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുകയും പ്രജയല്ല പൗരനാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുകയാണ് നാടകം.
ദീപം സുരേഷാണ് ’സാ..ർ ..’ എന്ന് പേരുള്ള നാടകം സംവിധാനം ചെയ്തത്. കെ.പി ഹരിഗോകുൽദാസ്, കലാധരൻ ഉപ്പും പാടം, ബിനേഷ് കാടൂർ, ഗിരീഷ് ഉപ്പുംപാടം, പൂവക്കോട് സജീവൻ, വിപിൻദാസ്, റഫീഖ് കാറൽമണ്ണ, എന്നിവരാണ് നാടകത്തിലഭിനയിച്ചത്.
സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി. കെ. ഭവദാസ്, എ. ഇസ്മയിൽ ,രതീഷ് പുതുശ്ശേരി, അനിൽ ബാലൻ, സിദ്ധാർത്ഥൻ, പി.വി വിനൂബ്, പ്രസാദ് കണ്ണാടി, ഇന്ദ്രപ്രസാദ്, മൻസൂർ, ഗിരീഷ് നൊച്ചുള്ളി, ദിലീപ് മാത്തൂർ, റിജേഷ് ബാലൻ പ്രസംഗിച്ചു.