നാദാപുരം: വാണിമേല്‍ ഭൂമിവാതുക്കലില്‍ കുത്തേറ്റ് മരിച്ചത് ജില്ലക്കകത്തും പുറത്തുമായി ഏഴോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതി. ഭൂമിവാതുക്കല്‍ കോടിയൂറ സ്വദേശി താഴെകണ്ടി സിറാജ് എന്ന കറന്റ് സിറാജ് (35) ആണ് ഇന്നലെ കുത്തേറ്റ് മരിച്ചത്. തട്ടുകട നടത്തുന്ന യുവാവുമായി ഉണ്ടായ സംഘര്ഷത്തിനിടയിലാണ് സിറാജിന് കുത്തേറ്റത്.സാരമായി പരിക്കേറ്റ സിറാജിനെ നാട്ടുകാര്‍ ചേര്‍ന്ന് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പോലീസുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
വാരിയെല്ലിനോട് ചേര്‍ന്നാണ് സിറാജിന് കുത്തേറ്റത്. ആന്തരിക രക്ത സ്രാവമാണ് മരണത്തനിടയാക്കിയത്. രണ്ട് കുത്തുകളാണ് ഇയാളുടെ വയറിന് ഏറ്റതന്ന് പോലീസ് പറഞ്ഞു.നാദാപുരം,വളയം പോലീസ് സ്റ്റേഷനുകളിലായി ആറ് ക്രിമിനല്‍ കേസുകളും വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയിലും കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് വാണിമേല്‍ കൊപ്രക്കളത്തില് നാദാപുരം കണ്ട്രോള് റൂം എസ്ഐ ഉള്‍പ്പെടുന്ന പോലീസുകാരെ പട്ടാപ്പകല്‍ ക്രൂരമായി മര്്ദിച്ച കേസിലും കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയാണ്. നാദാപുരം മേഖലയില്‍ വില്‍പ്പനയ്ക്കായി കര്‍ണ്ണാടക ഭാഗത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന നാനൂറ് ഗ്രാം കഞ്ചാവുമായി തിരുനെല്ലി എസ്ഐ ബിജു ആന്റണിയും സംഘവും സിറാജിനെയും കൂട്ടാളികളെയും മാസങ്ങള്‍ക്ക് മുമ്പ്അറസ്റ്റ് ചെയ്തിരുന്നു.
സിറാജ് സ്ഥിരം കലഹ സ്വഭാവിയാണെന്ന് കാണിച്ച് സിആര്‍പിസി 107 പ്രകാരം വളയം പോലീസ് നല്ലനടപ്പിന് നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ആര്‍ഡിഒ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചിട്ട് സിറാജ് നാളിതുവരെയായി ഹാജരായിരുന്നില്ല.അമിതമായി ലഹരി ഉപയോഗിച്ച് ഒന്നര വര്‍ഷം മുമ്പ് വളയം പോലീസ് സ്റ്റേഷനില്‍ അക്രമാസക്തനായ സിറാജ് സ്റ്റേഷനിലെ ഫര്‍ണ്ണിച്ചറുകളും മറ്റും അടിച്ചുതകര്‍ത്തിരുന്നു. കുത്തേറ്റ് റോഡില്‍ വീണ സിറാജിനെ നാട്ടുകാരില്‍ ചിലര്‍ കല്ലാച്ചി ആശുപത്രയിലെത്തിച്ചെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു.
ഒടുവില്‍ പോലീസുകാര്‍ ചേര്‍ന്നാണ് ഇയാളെ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. സിറാജിനെ കുത്താനുപയോഗിച്ച കത്തി സംഭവസ്ഥലത്തിന് സമീപത്തുനിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.അക്രമത്തിനിടെ പരിക്കേറ്റ പ്രതി കക്കൂട്ടത്തില്‍ റഷീദ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണുള്ളത്. ഇയാള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയതായും ഇന്ന് വൈകുന്നേരത്തോടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്ജ്്് ആവുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് സിഐ പറഞ്ഞു.
നാദാപുരം ഡിവൈഎസ്പി വി.കെ.രാജു, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.സയന്റിഫിക് അസിസ്റ്റന്റ് കെ.എസ്.ശ്രുതിലേഖ, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം സിഐ എം.പി.രാജേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം വാണിമേല്‍ വയല്‍പീടികയിലെ വലിയ പള്ളിയില്‍ ഖബറടക്കും.