കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സിനിമാ നിര്‍മാതാവ് കെ.പി. സിറാജുദ്ദീന് നെടുമ്പാശേരി വിമാനത്താവളം വഴി ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം ദുബായിയില്‍ നിന്നു കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ്.
സിറാജുദ്ദീന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്.
തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസിന്റെ പേരില്‍ ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
ഏപ്രില്‍ 23നാണ് സ്വര്‍ണം പിടിച്ചെടുത്തത്. യന്ത്രം ഏറ്റുവാങ്ങാനെത്തിയ നകുല്‍, ക്ലിയറിംഗ് ഏജന്റ് കെ.ജി. ബിജു എന്നിവരെയും കസ്റ്റംസ് പിടികൂടിയിരുന്നു.
1,20,34,944 രൂപ വിലമതിക്കുന്ന 2232 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആസൂത്രകനായ കെ.പി. സിറാജുദ്ദീന് ദുബായില്‍ നിന്നു ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോള്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിന്, തൃക്കാക്കര സ്വദേശി എ.പി. സിറാജുദ്ദീന് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം കടത്തിയത്.
ഷാബിന് 65 ലക്ഷം രൂപയും പി.എ. സിറാജുദ്ദീന് 35 ലക്ഷം രൂപയും സമാഹരിച്ച് കെ.പി. സിറാജുദ്ദീനു കൈമാറുകയും ഹവാല ഇടപാടിലൂടെ പണം ദുബായിലെത്തിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.