ചങ്ങനാശേരി: സ്വകാര്യ ബാങ്കുകളുടെയും ബ്ലേഡ് പലിശക്കാരുടെയും ഭീഷണി മൂലമാണ് കുറിച്ചി കനകക്കുന്ന് ഗുരുദേവ ഭവനിൽ സരിൻ മോഹൻ (42) ജീവനൊടുക്കിയതെന്നു ഭാര്യ രാധു സരിൻ ആരോപിച്ചു.
ഇവർ വീട്ടിലും ഹോട്ടലിലുമെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും രാധു മാധ്യമങ്ങളോടു പറഞ്ഞു.
സർക്കാരിന്റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളാണ് ആത്മഹത്യക്കു കാരണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് സരിൻ മോഹൻ ചൊവ്വാഴ്ച പുലർച്ചെ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്.
സംഭവത്തെക്കുറിച്ച് സരിന്റെ ഭാര്യ രാധു പറയുന്നതിങ്ങനെ: വിദേശത്തായിരുന്ന സരിൻ രണ്ടു വർഷം മുൻപാണ് കുറിച്ചിയിൽ വിനായക എന്ന ഹോട്ടൽ തുടങ്ങിയത്.
തൊട്ടുപിന്നിലെ വീടും വാടകയ്ക്കെടുത്തു. ഹോട്ടൽ നടത്തിപ്പ് ലാഭത്തിലായതോടെ അതേ കെട്ടിടത്തിൽ ഒരു തുണിക്കടയും സ്പെയർ പാർട്സ് കടയും തുടങ്ങി.
കോവിഡ് കാലമെത്തിയതോടെ ബുദ്ധിമുട്ടുകൾ നേരിട്ടു. കച്ചവടം നിലച്ചതോടെ ബാധ്യതയും വർധിച്ചു.
സ്വകാര്യ ബാങ്കിലടയ്ക്കേണ്ട തുകയുടെ തവണ മുടങ്ങിയതോടെ ഇടയ്ക്ക് തർക്കമുണ്ടാകുകയും പോലീസ് ഇടപെടുകയും ചെയ്തിരുന്നു.
ഇനി എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഭാര്യ രാധു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ കനകക്കുന്നിലെ വീട്ടിലെത്തിച്ച സരിന്റെ മൃതദേഹം പൊതുദർശനത്തിനുശേഷം സംസ്കരിച്ചു.