സ്വന്തം ലേഖകന്‍
കൊച്ചി: നയതന്ത്രചാനല്‍ സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ക്കു പങ്കുണ്ടെന്ന മൊഴി നല്കാന് പൂജപ്പുര ജയില്‍ അധികൃതര്‍ ഭീഷണപ്പെടുത്തിയെന്ന സരിത്തിന്റെ മൊഴിയില്‍ കോടതി ഇന്നു തുടര്‍ന്നപടികള്‍ സ്വീകരിക്കും.
കൊച്ചി എന്‍ഐഎ കോടതിയില്‍ വൈകിട്ട് മൂന്നിനാണ് വാദം നടക്കുക. ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതെ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാക്കിയെന്നാണ് സരിത് കോടതിയ്ക്ക് മൊഴി നല്‍കിയിട്ടുള്ളത്.
ഉദ്യോഗസ്ഥരുടെ നടപടി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിചാരണ തടവുകാരെ സമ്മര്‍ദ്ദത്തിലാക്കി മൊഴി മാറ്റാന്‍ ശ്രമിക്കുന്നത് കോടതി നടപടിയിലെ ഇടപെടലാണെന്നുമാണ് കേന്ദ്ര നിലപാട്.
ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണെന്നാണ് ആവശ്യം. സരിത്തിന്റെ പരാതിയില്‍ ജയില്‍ ഡിജിപിയോട് ഇന്ന് റിപ്പോര്‍ട്ട് നല്കാന് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്റെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് കെ. സുധാകരന് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടി വേണം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിന്റെ പകപോക്കലാണ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ നടക്കുന്നതെന്നും സുധാകരന് പറഞ്ഞു.
സ്വർണക്കടത്ത് കേസില്‍ അന്വേഷണം കൃത്യമായി മുന്നോട്ടു പോയാല്‍ അതെത്തുക എവിടെയായിരിക്കുമെന്ന് എല്ലാവര്ക്കും അറിയാം.
അതൊഴിവാക്കാന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കാലു പിടിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തിരുന്നു.
അട്ടിമറിയെന്ന നിഗമനത്തിൽ കസ്റ്റംസ്
ഇതേ സമയം കേരളത്തിലെ ജയിലില്‍ നടക്കുന്നതു സ്വര്‍ണക്കടത്തു കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
ഇതിന്റെ അടിസ്ഥാനത്തില്‍ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ കോഫെപോസ തടവുകാരായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, കെ.ടി. റമീസ് എന്നിവരെ സംസ്ഥാനത്തിനു പുറത്തെ ജയിലുകളിലേക്കു മാറ്റാന്‍ കസ്റ്റംസ് നിയമോപദേശം തേടി.
സംസ്ഥാന സര്‍ക്കാറിനെ കൂടി സമ്മര്‍ദത്തിലാക്കുന്ന നീക്കമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. കേസില്‍ മൊഴി മാറ്റാന്‍ പ്രതികളെ ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ബിജെപിയും മറ്റു പ്രതിപക്ഷപാര്‍ട്ടികളും ഈ വിഷയം ശക്തമായി ഉന്നയിച്ചു രംഗത്തുവന്നിട്ടുണ്ട്. .
കേസില്‍ സ്വപ്നയുടെ കൂട്ടുപ്രതിയായ സന്ദീപ് നായര്‍ കേസന്വേഷിക്കുന്ന മറ്റൊരു കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്ക്കെതിരേ മൊഴി നല്‍കിയിരുന്നു.
കെ.ടി. റമീസ് ജയിലില്‍ ലഹരിമരുന്ന് ഉപയോഗിച്ചെന്ന ജയില്‍ ഉദ്യോഗസ്ഥരുടെ പരാതിയില്‍ ലഹരി പദാര്‍ഥ നിരോധന നിയമം (എന്‍ഡിപിഎസ്) അനുസരിച്ചു തെളിവു ശേഖരിക്കാന്‍ അധികാരമുള്ള കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.
ലഹരിപദാര്‍ഥങ്ങള്‍ അടങ്ങിയ പാഴ്സല്‍ റമീസിനു വേണ്ടി ജയിലില്‍ എത്തിയെന്ന പരാതിയിലെ പരാമര്‍ശം ഏറെ ഗൗരവമുള്ളതാണ്. ഇതു സംബന്ധിച്ചു കേന്ദ്ര ഏജന്‍സികള്‍ ജയില്‍ അധികാരികളുടെ മൊഴിയെടുക്കും.
നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി), ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ), കസ്റ്റംസ് എന്നിവര്‍ക്കു സ്വന്തം നിലയില്‍ ലഹരിക്കേസുകള്‍ അന്വേഷിക്കാന്‍ അധികാരമുണ്ട്.