കല്ലടിക്കോട്: കുന്നുകളും വളവുകളും പുഴകളും മലകളും മഞ്ഞും നിറഞ്ഞ പാലക്കയം, ശിരുവാണി മേഖല സഞ്ചാരികൾക്കു പ്രിയമുള്ള മേഖലയായിമാറി.
പൂർണ്ണമായും ശുദ്ധമായ പരിസ്ഥിതിയും ആൾക്കൂട്ടങ്ങളില്ലാത്ത വനവും പ്രകൃതി ഭംഗിയും എക്കാലവും സഞ്ചാരികളെയും യാത്രാ പ്രേമികളേയും ആകർഷിക്കുന്ന ശിരുവാണി ഡാമും പരിസര പ്രദേശങ്ങളും സന്ദർശനം നടത്താൻ സമീപ ജില്ലകളിൽ നിന്നും കോയന്പത്തൂർ, പൊള്ളാച്ചി തുടങ്ങിയ ജില്ലകളിൽ നിന്നു പോലും സഞ്ചാരികൾ എത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ശിരുവാണി ഡാമിലേയ്ക്കുള്ള റോഡ് പല ഭാഗത്തും തകരുകയും വശങ്ങൾ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ ശിരുവാണി മേഖലയിലേയ്ക്കുള്ള പ്രവേശനം അധികാരികൾ തടഞ്ഞു.
ഇതോടെ സമാന സ്വഭാവമുള്ള വട്ടപ്പാറ, തരുപ്പപ്പതി, വഴിക്കടവ്, മുണ്ടനാട്, പായപ്പുല്ല്, പത്തായക്കല്ല്, ചീനിക്കപ്പാറ പാണ്ടൻ മല, വാക്കോടൻ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് സഞ്ചാരികൾ എത്താൻ തുടങ്ങി.
ശിങ്കൻ പാറയിലുണ്ടായിരുന്ന വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഇഞ്ചിക്കുന്നിലേയ്ക്ക് മാറ്റി സ്ഥാപിച്ചെങ്കിലും പാലക്കയം മുതൽ ഇഞ്ചിക്കുന്ന് ചെക്ക് പോസ്റ്റിനു താഴെവരെയുള്ള ആറ് കിലോമീറ്റർ വനത്തിലൂടെ ബൈക്കുകളിലും കാറുകളിലും നിരവധി സന്ദർശകർ എത്താറുണ്ടായിരുന്നു.
പ്രദേശത്തെ വീട്ടുകാർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായി പരാതിയും ഉണ്ട്. ദിവസവും വൈകുന്നേരങ്ങളിലും രാവിലേയും ബൈക്കുകളിൽ രണ്ടും മൂന്നും പേർ ഹെൽമറ്റും മാസ്ക്കും ഇല്ലാതെ കറങ്ങി നടക്കുന്നതും പതിവായിരുന്നു. പലരും മദ്യത്തിനും മയക്കു മരുന്നിനും അടിമകളായവർ ഒത്തുകൂടാനായി എത്തുന്നവരായിരുന്നു.
പാലക്കയം പത്തായക്കല്ല്, അച്ചിലട്ടി, മുണ്ടനാട്, ചീനിക്കപ്പാറ ചപ്പാത്ത്, കുണ്ടം പെട്ടി, പായപ്പുല്ല് തുടങ്ങിയ ഭാഗങ്ങളിൽ കുളിക്കാൻ ഇറങ്ങുന്നതും പതിവായിരുന്നു. യാതൊരു നിയന്ത്രണമോ സുരക്ഷാ മുന്നറിയിപ്പുകളോ ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. വലിയ പാറക്കെട്ടുകളും വൻ ചുഴികളും ആഴത്തിലുള്ള കയങ്ങളും ഉള്ള പാലക്കയം പുഴയിൽ അത്രയ്ക്ക് പരിചയമുള്ളവർ മാത്രമേ മഴക്കാലത്ത് ഇറങ്ങാറുള്ളൂ.
ഇതൊന്നും അറിയാതെ നാട്ടുകാരുടെ നിർദേശങ്ങൾ പോലും അവഗണിച്ച് യുവാക്കൾ പുഴയിൽ കുളിക്കാൻ ഇറങ്ങുന്നതും പതിവാണ്. പുഴയിലിറങ്ങുന്നത് വിലക്കിയാൽ നാട്ടുകാർക്കെതിരെ ആക്രോശവുമായി ഇവർ തിരിയുന്നത് പതിവായതോടെ നാട്ടുകാർ ശ്രദ്ധിക്കാതായി.
പോലീസിൽ പരാതിപ്പെട്ടിട്ടും വേണ്ട മുൻകരുതൽ നടപടികൾ എടുക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം കല്ലടിക്കോട്ടുനിന്നും ബൈക്കിൽ എത്തിയ മൂവർ സംഘമാണ് അവസാനമായി അപകടത്തിൽപ്പെട്ടത്. ഇതിനുമുപും ഇവിടെ ആളുകൾ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടുണ്ട്.
യാതൊരു നിയന്ത്രണവും ഇല്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാമെന്നതാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. കാട്ടാനകളും കാട്ടുപോത്തുകളും പുലിയും ഉള്ള ഈ പ്രദേശത്ത് ബൈക്കിലുള്ള യാത്ര സുരക്ഷിതമല്ല. കഴിഞ്ഞ മാസം അലനല്ലൂരിൽ നിന്നും ബൈക്കിൽ എത്തിയ രണ്ടുപേരെ കാട്ടുപോത്ത് ഓടിച്ചെങ്കിലും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
റോഡിന്റെ വശങ്ങളിൽ കാടുകളും പുല്ലുകളും വളർന്നു നിൽക്കുന്നതിനാൽ കാട്ടാനകൾ റോഡ് സൈഡിൽ നിന്നാലും അറിയാൻ കഴിയില്ല. പെട്ടെന്ന് കാട്ടാന റോഡിലേയ്ക്ക് ഇറങ്ങുന്പോൾ അപകടത്തിൽ പെടുന്നതും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്യുന്നത് പതിവാണ.്
കല്ലടിക്കോട് പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഈ പ്രദേശത്ത് പലപ്പോഴും പോലീസിന് എത്താൻ കഴിയാറില്ല. വിവരം അറിയിച്ച് പോലീസ് എത്തുന്പോഴേയ്ക്കും ഇവർ സ്ഥലം വിട്ടിട്ടുണ്ടാകും. പാലക്കയത്ത് പോലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും ഇഞ്ചിക്കുന്നിലുള്ള വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് പാലക്കയത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.