ആലുവ: യൂണിയൻ ബാങ്ക് ആലുവ ശാഖയിലെ ലോക്കറിൽനിന്നു സ്വർണം മറിച്ചുവിറ്റ് കടന്നുകളഞ്ഞ അസിസ്റ്റന്റ് മാനേജരായ യുവതിക്കുവേണ്ടി അന്വേഷണം ഉൗർജിതമാക്കി. പോലീസ് സമ്മർദ്ദത്തെ തുടർന്നു കുടുംബസമേതം ബംഗളൂരുവിലേക്ക് കടന്ന ഇവർ സ്വദേശമായ അങ്കമാലിയിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന.
അഭിഭാഷകൻ മുഖേന കീഴടങ്ങനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. അങ്കമാലി സ്വദേശിനി സിസ്മോൾ, ഭർത്താവ് സജിത് എന്നിവർക്കെതിരേ യൂണിയൻ ബാങ്ക് ശാഖ മാനേജർ നല്കിയ പരാതിയിൽ ആലുവ ഈസ്റ്റ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
പണയം സ്വീകരിക്കുന്ന സെക്ഷന്റെ ചുമതല സിസ്മോൾക്കായിരുന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ പലപ്പോഴായി ഇവർ പകരം റോൾഡ് ഗോൾഡ് ആഭരണങ്ങൾ നിക്ഷേപിച്ച് തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ 128 ഇടപാടുകാരുടെ 8852 ഗ്രാം സ്വർണമാണ് കവർന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പണമടച്ച് പണയ ഉരുപ്പടി തിരിച്ചെടുത്ത ഒരാൾക്ക് സംശയം തോന്നിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് സ്വർണമല്ലെന്നു തിരിച്ചറിഞ്ഞത്. തുടർന്നു പരാതി ലഭിച്ചതിനാൽ ബാങ്ക് അധികൃതർ ലോക്കർ തുറന്നു നടത്തിയ പരിശോധനയിലാണ് മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തറിയുന്നത്.
സ്വർണം കവർന്നതു ശ്രദ്ധയിൽപ്പെട്ടുവെന്നു തിരിച്ചറിഞ്ഞ സിസ്മോൾ ബാങ്കിന്റെ എറണാകുളം ട്രെയിനിംഗ് ക്ലാസിൽനിന്നും മുങ്ങുകയായിരുന്നു. ഇവർ കുടുംബസമേതം ബംഗളൂരുവിലേക്ക് കടന്നതായി പോലീസിനു ആദ്യദിവസം തന്നെ വിവരം ലഭിച്ചിരുന്നു.
മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഉൗർജിതമാക്കിയതോടെ തിരിച്ചു നാട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാൽ, അങ്കമാലിയിലെ ഇവരുടെ താവളം കണ്ടെത്താൻ പോലീസിനായിട്ടില്ല. സ്വർണം മറിച്ചുവിറ്റു കിട്ടിയ പണം ഭർത്താവ് സജിത്തിന്റെ ഷെയർ മാർക്കറ്റ് ബിസിനസിൽ മുടക്കിയതായിട്ടാണ് പോലീസിന്റെ നിഗമനം. തട്ടിപ്പിൽ ബാങ്കിലെ മറ്റു ജീവനക്കാർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആലുവ സിഐ വിശാൽ കെ. ജോണ്സൺ, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.