മൂവാറ്റുപുഴ: കുഞ്ഞിനായുള്ള ദീര്‍ഘനാളത്തെ കാത്തിരിപ്പ്, ചികിത്സകള്‍, ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള തീരുമാനം തിരുത്തി വീണ്ടും ചികിത്സ, പ്രാര്‍ഥന… ദാമ്പത്യത്തിന്റെ 35-ാം വര്‍ഷത്തില്‍ ആഗ്രഹം സാക്ഷാത്കരിക്കുമ്പോള്‍, സിസി-ജോര്‍ജ് ദമ്പതികള്‍ക്ക് ആഹ്ലാദം ഇരട്ടിയല്ല; അതുക്കും മേലെ.
54-ാം വയസില്‍ അമ്മയായ സിസി ജോര്‍ജിനു പിറന്നതു മൂന്നു കുഞ്ഞുങ്ങള്‍. രണ്ട് ആണ്കുഞ്ഞുങ്ങളും ഒരു പെണ്‍കുഞ്ഞും. അമ്മയും മക്കളും സുഖമായിരിക്കുന്നു.
അസാധ്യമെന്നു കരുതിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതില്‍ ഇരിങ്ങാലക്കുട കാട്ടൂര്‍ കുറ്റിക്കാടന്‍ ജോര്‍ജ് ആന്റണിയും ഭാര്യ സിസി ജോര്‍ജും ദൈവത്തിനു നന്ദി പറയുകയാണ്.
1987 മേയില്‍ വിവാഹിതരായ ജോര്‍ജും സിസിയും ജോലിസംബന്ധമായി 18 വര്‍ഷം ഗള്‍ഫിലായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചതാണ് കുട്ടികള്‍ക്കായുള്ള ചികിത്സകള്‍. നാട്ടിലും ഗള്‍ഫിലും ചികിത്സ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
ചികിത്സ നിര്‍ത്താനുള്ള ആലോചനയ്ക്കിടെയാണു 2020 ജൂണില്‍ സിസിയെ രക്തസ്രാവം അലട്ടുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യുകയാണു പരിഹാരമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി.
അവിടത്തെ ഡോക്ടറാണു കുട്ടികളുണ്ടാകാനുള്ള ദമ്പതികളുടെ ആഗ്രഹം മനസിലാക്കി മൂവാറ്റുപുഴയിലെ ഡോ. സബൈന്‍ ശിവദാസിനെ കാണാന്‍ നിര്‍ദേശിച്ചത്.യാത്ര ഒഴിവാക്കാന്‍ ആശുപത്രിക്കു സമീപം വീടെടുത്തു താമസിച്ചായിരുന്നു ചികിത്സ. കുഞ്ഞുങ്ങളുണ്ടായി രണ്ടാഴ്ച പിന്നിട്ടശേഷം കഴിഞ്ഞദിവസം ആശുപത്രി വിട്ടു.