പൂന: മഹാരാഷ്ട്രയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ച ഒന്നര വയസുകാരി രോഗമുക്തയായി.
പൂനയിലെ പിംപ്രി ചിഞ്ച്വാഡ് സ്വദേശിയായ കുട്ടി രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിവിട്ടു. ഈ കുട്ടിയടക്കം നാലു പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി.
ജില്ലയിൽ പുതുതായി ഒമിക്രോൺ ബാധിച്ച മൂന്ന് വയസുകാരന് രോഗ ലക്ഷണങ്ങളില്ലെന്നും സുഖമായിരിക്കുന്നുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പിംപ്രി ചിഞ്ച്വാഡ് മേഖലയിൽ റിപ്പോർട്ട് ചെയ്ത നാല് പുതിയ ഒമിക്രോൺ കേസുകളിൽ ഒന്നാണ് മൂന്ന് വയസുകാരൻ. രണ്ട് പുരുഷൻമാരും സ്ത്രീയുമാണ് രോഗബാധിതരായ മറ്റ് മൂന്നുപേർ.
പുതിയ നാല് രോഗികളിൽ ഉൾപ്പെട്ട മൂന്ന് വയസുകാരന് ശിശുരോഗ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മറ്റ് മൂന്ന് രോഗികൾക്കും രോഗലക്ഷണങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിസിഎംസി മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മൺ ഗോഫനെ അറിയിച്ചു.
പൂന നഗരത്തിൽ നിന്ന് ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവായി ആശുപത്രി വിട്ടു. ഫിൻലൻഡിൽ നിന്ന് പൂനയിലെത്തിയതായിരുന്നു അദ്ദേഹം.