കുമരകം: നീണ്ട 31 വർഷം കുമരകം സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിൽ അധ്യാപികയായിരുന്ന സിസ്റ്റർ ബീനാ നെറ്റോയുടെ യാത്രയയപ്പിൽ കണ്ണീർകണങ്ങൾ പൊഴിച്ചു വിദ്യാർഥികളും നാട്ടുകാരും.
1990 ജൂണ്‍ നാലിനാണ് സിസ്റ്റർ ബീനാ അധ്യാപികയായി സ്കൂളിലെത്തുന്നത്.
നിർധനരായ മത്സ്യത്തൊഴിലാളികളുടെയും കക്കാവാരൽ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും കുട്ടികളായിരുന്നു സ്കൂളിൽ കൂടുതലും പഠിച്ചിരുന്നത്.
ഇന്നത്തേതുപോലെ ഉച്ചഭക്ഷണം സ്കൂളിൽ ലഭിച്ചിരുന്നില്ല. വീട്ടിൽനിന്ന് ഉച്ചഭക്ഷണം കൊണ്ടുവരാത്ത കുട്ടികൾക്ക് ടീച്ചർ ഭക്ഷണം കൊണ്ടുവന്നു നൽകിയിരുന്നു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ സമീപത്തുള്ള കോണ്‍വന്റിൽ വിളിച്ചുവരുത്തി സ്പെഷൽ ക്ലാസുകൾ എടുത്തു പ്രോത്സാഹിപ്പിച്ചിരുന്ന സിസ്റ്റർ ബീന കുട്ടികൾക്കു പോറ്റമ്മ കൂടിയായിരുന്നു.
വിദ്യാർഥികളുടെ പഠനത്തെയും വ്യക്തിത്വ വികസനത്തെയും കുടുംബപ്രശ്നങ്ങൾ ഏറെ ബാധിച്ചിരുന്നതായി മനസിലാക്കിയ സിസ്റ്റർ രക്ഷാകർത്താക്കളെ ബോധവത്കരിക്കുന്നതിനും സമയം കണ്ടെത്തി.
പൂർവ വിദ്യാർഥികളിലേറെയും സ്വദേശത്തും വിദേശത്തും ഉന്നതജോലി കരസ്ഥമാക്കിയിട്ടുണ്ട്.
ഇവർ നാട്ടിലെത്തുന്പോൾ കോണ്‍വെന്റിൽ എത്തി തന്നെ കാണുന്നതും ഫോണ്‍ വിളിക്കുന്നതും തന്നോടുള്ള സ്നേഹാദരവുകളുടെ തെളിവായി സിസ്റ്റർ കരുതുന്നു.
മൂന്നു പതിറ്റാണ്ടു നീണ്ട കുമരകത്തെ ജീവിതം മറക്കാനാവാത്ത ഓർമകളാണ് തനിക്ക് സമ്മാനിച്ചിതെന്നു യാത്രയയപ്പു സമ്മേളനത്തിൽ സിസ്റ്റർ പറഞ്ഞു.
കുമരകം ബോട്ടുദുരന്തത്തിൽ അപകടത്തിൽപ്പെട്ടവരെ സ്കൂളിൽ പ്രവേശിപ്പിച്ച് നടത്തിയ രക്ഷാപ്രവർത്തനങ്ങൾ മറക്കാനാവില്ലെന്നും സിസ്റ്റർ ബീന പറഞ്ഞു. സ്കൂളിൽനിന്നും വിരമിച്ചെങ്കിലും മേയ് വരെ സിസ്റ്റർ കോണ്‍വെന്റിൽ തുടരും.
മിഷനറി സിസ്റ്റേഴ്സ് ഓഫ് ഇൻകാർനേഷൻ അംഗമായ സിസ്റ്റർ അരൂർ നടുവിലേപ്പറന്പിൽ പരേതനായ ആന്റണി -ആനിയമ്മ ദന്പതികളുടെ നാലു മക്കളിൽ മൂത്തയാളാണ്.
പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ഡെന്നീസ് ജോസഫ് ഉപഹാരം സമ്മാനിച്ചു.
ഹെഡ്മാസ്റ്റർ ജയിംസ് ജോസഫ് പൊന്നാട അണിയിച്ചു. പഞ്ചായത്തംഗം പി.കെ. മനോഹരൻ, മുൻ അംഗം ദീപാ അഭിലാഷ്, ത്രേസ്യാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.