കഴിഞ്ഞ ദിവസം ഞാൻ തനിച്ച് പെർത്തിൽനിന്ന് സിഡ്നിയിലേക്കു യാത്രചെയ്യേണ്ടിവന്നു. അന്നു പതിവില്ലാതെ പെർത് എയർപോർട്ടിൽ ചെക്കിംഗ്.
ജാക്കറ്റും ഷൂസും ചിലരുടെ സോക്സുംവരെ അഴിപ്പിച്ചു. ദേഹപരിശോധന. വല്ലായ്മ തോന്നി. മനുഷ്യനു മനുഷ്യനെ വിശ്വസിക്കാൻ പറ്റാതെ നമ്മുടെ ലോകം ഇത്ര അധഃപതിച്ചുപോയല്ലോ, ഇതെങ്ങനെയാണു തിരിച്ചുപിടിക്കുക തുടങ്ങിയ ദാർശനിക ചിന്തകളോടെ പ്ലെയിനിൽ കയറി.
സീറ്റിനു മുകളിലുള്ള ലഗേജ് റാക്കിലേക്ക് എന്റെ ഹാൻഡ് ബാഗ് വയ്ക്കാൻ അടുത്തിരുന്നയാൾ സഹായിച്ചു.
സുമുഖനായ ഒരു ചെറുപ്പക്കാരൻ. എവിടെയോ കോളജ് വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങിയ ഒരു സംസ്കാരസന്പന്നനായി തോന്നി. ഞാൻ പഠിപ്പിച്ചിട്ടില്ലാത്ത എന്റെ വിദ്യാർഥിയായി സങ്കൽപിച്ചു.
രണ്ടുപേർക്കുമിടയിലുണ്ടായിരുന്ന കാലി സീറ്റിലേക്ക് എന്റെ ഫോണും വായിക്കാനുള്ള കമലാ ഹാരിസിന്റെ ആത്മകഥയും എടുത്തുവച്ചു. യാത്ര നന്നായി ആസ്വദിക്കണം.
ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്നു കണ്ട് മിക്കവരും ഫോണിൽ ഓരോന്നു ചെയ്യാൻ തുടങ്ങി. ഞാൻ ചില സംശയങ്ങൾ ചോദിച്ചത് എന്റെ സഹയാത്രികനോടാണ്. പലതും അയാൾ പറഞ്ഞുതന്നു.
സെറ്റിംഗ്സിൽ തുടങ്ങി മൂന്നുനാലു പടികൾ മുൻപോട്ടു പോയപ്പോൾ പെട്ടെന്ന് എന്നെ ഒരു ഭീതി ബാധിച്ചു. അപ്പോഴെല്ലാം അയാളുടെ ഫോണിൽ എന്തോ ചെയ്തുകൊണ്ടിരുന്നത് എന്റെ ആശങ്കയ്ക്ക് ആക്കംകൂട്ടി.
എന്റെ വിവരങ്ങൾ ആ പയ്യൻ പകർത്തി എടുക്കുകയാണോ? ഉടൻതന്നെ ഞാൻ ’പഠനം’ നിർത്തി. ഫോണ് ബാഗിൽവച്ചു. ചങ്കിടിപ്പ് വർധിച്ചുകൊണ്ടേയിരുന്നു.
പിന്നീടുള്ള നാലു മണിക്കൂർ പ്ലെയിനിൽ തന്ന ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞില്ല രസകരമായ ഒരു വിമാനയാത്രയുടെ സ്വപ്നം അപ്പാടെ പാളി.
വീട്ടിലെത്തി മകനോടു പറഞ്ഞപ്പോൾ ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്ന് അവൻ ധൈര്യമായി പറഞ്ഞപ്പോഴാണ് സമാധാനമായത്.
ഭീതിയിലമർന്നുപോയ പുതിയ ലോകത്തിൽ സ്വയം ക്രമപ്പെടുത്തി ജീവിക്കാൻ വയോജനങ്ങൾ പരിശീലിച്ചേ മതിയാവൂ. സഹായം വച്ചുനീട്ടുന്ന നല്ല മക്കളും ശ്രദ്ധിക്കുക.
സിസിലിയാമ്മ പെരുന്പനാനി, [email protected]