ആലുവ: യൂണിയൻ ബാങ്ക് ആലുവ ശാഖയിൽ നിന്നും പണയ ഉരുപ്പടികളായ സ്വർണം കവർന്ന സംഭവത്തിലെ പ്രതികളായ ദന്പതികളുടെ തിരോധാനത്തിൽ ദുരൂഹത. സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്പോൾ ബംഗളൂരുവിലടക്കം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.
ബാങ്കിലെ അസിസ്റ്റന്റ് മാനേജർ സിസ്മോൾ, ഭർത്താവ് സജിത്ത് എന്നിവർക്കെതിരേ ആലുവ ഈസ്റ്റ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആദ്യം ലുക്കൗട്ട് സർക്കുലറും പിന്നീട് ലുക്കൗട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, തട്ടിപ്പ് പുറത്തായതോടെ തൊട്ടടുത്ത ദിവസം തന്നെ ദന്പതികൾ വിദേശത്തേക്ക് കടന്നുകളയാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ഇവരുടെ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു.
ബാങ്കിൽ സ്വർണപ്പണയം സ്വീകരിക്കുന്ന വിഭാഗത്തിന്റെ ചുമതല സിസ്മോൾക്കായിരുന്നു. 128 ഇടപാടുകാരുടെ 8852 ഗ്രാം സ്വർണമാണ് ആറുമാസത്തിനിടയിൽ ഇവർ വിദഗ്ധമായി കവർന്നെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച പണയ ഉരുപ്പടി പണമടച്ച് കൈപ്പറ്റിയ ഒരാൾ പരിശോധിച്ചപ്പോഴാണ് സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് അധികൃതർ ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തറിയുന്നത്.
എറണാകുളത്ത് ബാങ്കിന്റെ പരിശീലന ക്ലാസിലായിരുന്ന സിസ്മോൾ സംഭവം അറിഞ്ഞയുടനെ ഭർത്താവുമായി മുങ്ങുകയായിരുന്നു. സ്വന്തമായി ഷെയർ മാർക്കറ്റ് ബിസിനസ് നടത്തുന്ന ഭർത്താവ് സജിത്തിനെ സഹായിക്കാനാണ് തിരിമറി നടത്തിയതെന്നാണ് സൂചന. ഇവരുടേത് ആർഭാട ജീവിതമായിരുന്നെന്നും പറയുന്നു.
മൊബൈൽ ഫോണ് ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദ്യം ഇവർ ബംഗളൂരുവിലാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് അങ്കമാലിയിൽ തിരിച്ചെത്തിയതായി പോലീസിന് വിവരം ലഭിച്ചു. അങ്കമാലിയിലെ ഇവരുടെ വാടകവീട് കഴിഞ്ഞദിവസം പോലീസ് പരിശോധിച്ചിരുന്നു. നാല്പതോളം പേരുടെ സ്വർണം പത്ത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വച്ചതിന്റെ രേഖകൾ പോലീസിന് വീട്ടിൽ നിന്നും ലഭിച്ചു.
പണയംവച്ച സ്വർണം നഷ്ടപ്പെട്ട ഇടപാടുകാർ ബാങ്കിലെത്തി ബഹളം കൂട്ടുന്നത് പതിവായിട്ടുണ്ട്. റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നിർദേശപ്രകാരം ആലുവ സിഐ വിശാൽ കെ. ജോണ്സണ്, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.