ആറന്മുള: ബധിരയും മൂകയുമായ യുവതിയും മൂന്നു വയസുള്ള മകളും ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കാണപ്പെടുകയും, തുടർന്ന് ചികിത്സയിലിരിക്കേ മരിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
ആറന്മുള ഇടയാറന്മുള കോഴിപ്പാലം ശ്രീവൃന്ദ വീട്ടിൽ വിശ്വനാഥൻ നായരുടെ മകൻ വിനീത് വിശ്വനാഥനാണ് (36) ഇന്നലെ രാത്രി അറസ്റ്റിലായത്.
വിനീതിന്റെ ഭാര്യ ശ്യാമ (28), മകൾ ആദിശ്രീ എന്നിവരെ മേയ് ആറിന് രാത്രിയാണ് പൊള്ളലേറ്റ നിലയിൽ ഭർത്താവിന്റെ വീട്ടിൽ കാണപ്പെട്ടത്.
തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഡിഐജി ആർ. നിശാന്തിനി ഇടപെട്ട് അന്വേഷണം ഊർജിതമാക്കി.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശ പ്രകാരം പത്തനംതിട്ട ഡിവൈഎസ്പിയെ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
സംഭവത്തിനു ശേഷം നാടുവിട്ട ഒന്നാം പ്രതിയായ ഭർത്താവിനെ പിടികൂടുകയാണുണ്ടായത്.
ആദ്യം ഡിവൈഎസ്പി കെ. സജീവ് അന്വേഷണം നടത്തിയ കേസ്, അദ്ദേഹം സ്ഥലം മാറിയതിനെതുടർന്ന് പുതിയ ഡിവൈഎസ്പി എസ്. നന്ദകുമാർ ഏറ്റെടുത്തു.
ഭർതൃവീട്ടിലെ നിരന്തര പീഡനവും സ്ത്രീധനത്തിന്റെ പേരിൽ ഉണ്ടായ പീഡനങ്ങളും ആത്മഹത്യാ പ്രേരണയും കാരണം യുവതി കുഞ്ഞിനെ തീകൊളുത്തി കൊന്നശേഷം സ്വയം ജീവനൊടുക്കാൻ തീകൊളുത്തുകയായിരുന്നു.
യുവാവും മാതാപിതാക്കളും സംഭവത്തിനു ശേഷം സംസ്ഥാനം വിട്ടുപോയിരുന്നു. അന്വേഷണസംഘം പ്രതികൾക്കായി വലവിരിച്ച് വിവിധയിടങ്ങളിൽ കാത്തിരുന്നു.
യുവതിയുടെ ഭർത്താവ് നാട്ടിലെത്തിയെന്ന് മനസിലാക്കിയ പോലീസ് സംഘം ഇയാളെ തന്ത്രപൂർവം വലയിലാക്കി. അറസ്റ്റിലായ വിനീതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാളും ബധിരനും മൂകനുമാണ്. കേസിൽ വിനീതിന്റെ മാതാപിതാക്കൾ കോടതിയിൽ നിന്നു മുൻകൂർജാമ്യം നേടിയിരിക്കുകയാണ്.
ആറന്മുള പോലീസ് ഇൻസ്പെക്ടർ സി.കെ.മനോജ്, എസ്ഐ ഹരീന്ദ്രൻ, എഎസ്ഐമാരായ കെ. സന്തോഷ്, സന്തോഷ് കുമാർ, എസ്പിഒ ഹരികൃഷ്ണൻ, ജയകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.