തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചു. ഫാ.തോമസ് കോട്ടൂർ ഒന്നാം പ്രതിയും സിസ്റ്റർ സെഫി മൂന്നാം പ്രതിയുമാണ്.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 28 വർഷങ്ങൾക്കുശേഷമാണ് വിധി വരുന്നത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ വിശ്വസനീയമെന്നും ശക്തമെന്നും കോടതി നിരീക്ഷിച്ചു. 2019 ഓഗസ്റ്റ് 26നാണ് അഭയ കേസിന്റെ വിചാരണ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ആരംഭിച്ചത്.
1992 മാർച്ച് 27 നാണ് ബിസിഎം കോളേജ് പ്രീഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെയും ലീലാമ്മയുടേയും മകളായിരുന്ന അഭയ.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിയ തള്ളിയ കേസ് സിബിഐ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അന്വേഷണത്തിൽ നിർണായകമായി.
ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒൻപതര മാസവും അന്വേഷിച്ച് 1993 ജനുവരി 30 ന് കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് നൽകി. ഹൈക്കോടതിയുടെ നിർദേശ പ്രകാരം 1993 മാർച്ച് 29 ന് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു.
ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതി ചേർത്ത് 2009 ജൂലൈ 17 ന് സിബിഐ ഡിവൈഎസ്പി നന്ദകുമാർ നായർ എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി. ഇവരിൽ ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വെറുതേ വിട്ടു.
1996ൽ കേസ് എഴുത്തള്ളണം എന്നാവശ്യപ്പെട്ട് സിബിഐയുടെ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.
റിപ്പോർട്ട് തള്ളിയ കോടതിയിൽ നിന്നു സിബിഐയ്ക്കു വിമർശനം ഏൽക്കേണ്ടി വന്നു. പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിർദ്ദേശം നൽകി.
തുടർന്ന് 16 വർഷങ്ങൾക്കു ശേഷം 2008 നവംബർ 18ന് കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായി. അടുത്ത ദിവസം കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയേയും അറസ്റ്റു ചെയ്തു.
സിബിഐ കുറ്റപത്രത്തിൽ പ്രതി ചേർത്തിരുന്ന കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്പു തന്നെ ആത്മഹത്യ ചെയ്തിരുന്നു.
കേസ് അട്ടിമറിച്ചുവെന്ന് സിബിഐ കണ്ടെത്തിയ ക്രൈം ബ്രാഞ്ച് മുൻ ഡിവൈഎസ്പി സാമുവലിനെയും പ്രതിയാക്കിയിരുന്നു.
വിചാരണ തുടങ്ങും മുൻപേ സാമുവൽ മരിച്ചു. മുൻ ക്രൈം ബ്രാഞ്ച് എസ്പി കെടി മൈക്കിളിനെയും പ്രതി ചേർത്തിരുന്നു. ഇതിനെതിരെ മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു.
തൽക്കാലം പ്രതിപ്പട്ടികയിൽ ഒഴിവാക്കുന്നതായും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിയാക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 8 പേർ കൂറുമാറി.
അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോണ്വെൻറിൽ മോഷണത്തിനായി കയറിയപ്പോള് പ്രതികളെ കണ്ടിരുന്നുവെന്ന് മൂന്നാം സാക്ഷി രാജു മൊഴി നൽകിയിരുന്നു.
അഭയ കേസ് നാൾവഴി
1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ അഭയയുടെ മൃതദേഹം കാണപ്പെട്ടു.
1992 ഏപ്രിൽ 14 ന് ലോക്കൽ പോലീസ് 17 ദിവസം അന്വേഷണം നടത്തിയ ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
1993 ജനുവരി 30 ന് കോട്ടയം ആർഡി ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു.
1993 മാർച്ച് 29 ന് ഹൈക്കോടതി അഭയ ആക്ഷൻ കൗൺസിലിന്റെ ഹർജിയെ തുടർന്ന് കേസ് സിബിഐക്ക് നൽകി.
1996 ഡിസംബർ 6 ന് കേസ് എഴുതിത്തള്ളണം എന്ന് ആവശ്യപ്പെട്ട് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
1997 മാർച്ച് 20 ന് അഭയ കേസ് തുടരന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
1999 ജൂലൈ 12 ന് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി.
2000 ജൂൺ 23 ന് അഭയ കേസ് പുനരന്വേഷണത്തിന് പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
2005 ഓഗസ്റ്റ് 30 ന് കേസ് അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി തേടി സിബിഐ മൂന്നാം തവണയും റിപ്പോർട്ട് സമർപ്പിച്ചു.
2007 മെയ് 22 ന് ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
2008 സെപ്റ്റംബർ 4 ഡൽഹി ക്രൈം യൂണിറ്റിൽ നിന്നും കൊച്ചി സിബിഐ യൂണിറ്റിലേക്ക് കേസ് മാറ്റി.
2008 നവംബർ 18 ന് 16 വർഷങ്ങൾക്ക് ശേഷമാണ് മൂന്നു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്യുന്നത്.
2009 ജൂലൈ 17 ന് സിബിഐ ഡിവൈഎസ്പി നന്തകുമാരൻ നായർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി.
2015 ജൂൺ 30 ന് അഭയ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് മുൻ ഡിവൈഎസ്പി കെ.സാമുവലിന് പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് നൽകി.
2018 ജനുവരി 22 ന് അഭയ കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്പി കെ.ടി. മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കി.
2018 മാർച്ച് 7 ന് ഒന്നും മുന്നും പ്രതികളുടെ വിടുതൽ ഹർജി സിബിഐ കോടതി തള്ളി. രണ്ടാം പ്രതിയായ ഫാദർ ജോസ് പൂതൃക്കയലിനെ വിചാരണ കൂടാതെ വെറുതെ വിട്ടു.
2019 ഓഗസ്റ്റ് 5 ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.സനൽ കുമാർ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
2019 ഓഗസ്റ്റ് 26 മുതൽ അഭയ കേസിന്റെ വിചാരണ 27 വർഷങ്ങൾക്ക് ശേഷം ആരംഭിച്ചു തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ.