പാലാ: പാലാ ലിസ്യു കാർമലിറ്റ് കോൺവന്റിലെ സിസ്റ്റർ അമല(69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി.പ്രതി കാസർഗോഡ് സ്വദേശി മെഴുവാ തട്ടുങ്കൽ സതീഷ് ബാബു (സതീഷ് നായർ-38) വിനെയാണു കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. ശിക്ഷാവിധി ഇന്നുച്ചകഴിഞ്ഞ് ഉണ്ടാവും.
കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പാലാ അഡീഷണൽ ജില്ലാ സെഷൻ ജഡ്ജി കെ. കമലേഷ് ആണ് പ്രതികുറ്റക്കാരനെന്നു കണ്ടെത്തിയത്. 2015 സെപ്റ്റംബർ 16-ന് അർധരാത്രിയാണു പ്രതി മഠത്തിൽ അതിക്രമിച്ചു കയറി കൈത്തൂന്പകൊണ്ടു സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
അന്നത്തെ പാലാ ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതിയെ ഹരിദ്വാറിൽനിന്നും പിടികൂടുകയായിരുന്നു.
നിലവിൽ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ ഏഴുവർഷം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. 2015-ൽ ഭരണങ്ങാനം അസീസി കോൺവന്റിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് ഇയാൾ ശിക്ഷ അനുഭവിച്ചുവരുന്നത്.
കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോർജ് പോത്തനാണു പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.