മക്കള്‍ക്കായി ത്യാഗങ്ങള്‍ അനുഭവിക്കുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ഏതറ്റം വരെയും പോകുന്ന മക്കളുണ്ടാവുന്നത് അവരുടെ പുണ്യമാണ്. തങ്ങളുടെ വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാവുന്ന മക്കളെ ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. എന്നാല്‍ വിശേഷണങ്ങള്‍ക്കപ്പുറമുള്ള ത്യാഗമാണ് ബ്രിട്ടീഷ് സ്വദേശിനിയായ മുപ്പതുകാരി കാതറിന് സ്വന്തം അമ്മയായ ജാക്കി എഡ്വാര്‍ഡ്സിനു വേണ്ടി ചെയ്തത്. കാതറിന് സ്വന്തം അമ്മയ്ക്ക് വേണ്ടി ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും സ്വന്തം അനിയനെ.
കേട്ടാല്‍ അവിശ്വസനീയം എന്ന് തോന്നുന്ന കഥ ഇങ്ങനെയാണ്. 47 വയസ്സാണ് ജാക്കിയുടെ പ്രായം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരിച്ച ജാക്കിക്ക് അഞ്ച് മക്കള്‍ ഉണ്ട്. പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയ ഏറെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്തതാണ്. അങ്ങനെയിരിക്കെയാണ് ജാക്കി അവിചാരിതമായി 48 വയസുള്ള കെമിസ്റ്റായ പോളിനെ കാണുന്നതും പ്രണയത്തിലാകുന്നതും . രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും സിംഗപ്പൂര്‍ വച്ച് വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു നാളുകള്‍ കഴിഞ്ഞതോടെ പോളിന് ഒരു കുഞ്ഞു വേണം എന്ന ആഗ്രഹം കലശലായി. എന്നാല്‍ പ്രസവം നിര്‍ത്തിയ ജാക്കിക്ക് ഗര്‍ഭധാരണം സാധ്യമല്ലായിരുന്നു. എന്നാലും ഐ വി എഫ് പോലുള്ള ചികിത്സാ രീതികളിലുള്ള പ്രതീക്ഷ വച്ച് ഇരുവരും ഡോക്ടറിനെ കണ്ടെങ്കിലും നിരാശയായിരുന്നു ഫലം.
ഒടുവില്‍ ദമ്പതികള്‍ തങ്ങളുടെ അവസ്ഥ മൂത്ത മകളായ കാതറിനോട് പറയുകയും വാടക ഗര്ഭപാത്രത്തിന് ഉടമയായി തന്റെ അനിയനെ പ്രസവിക്കാന്‍ തയാറാണ് എന്ന് അവള് അറിയിക്കുകയുമായിരുന്നു. തന്റെ കുടുംബത്തിന് വേണ്ടി ഇങ്ങനെയൊരു കാര്യം ചെയ്തതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളു എന്ന് കാതറിന് പറയുന്നു. കാസ്പിയന്‍ എന്ന് പേരിട്ട കുഞ്ഞിനെ താന്‍ ഒരിക്കലും മകനായി കാണുന്നില്ല എന്നും അത് തന്റെ അമ്മയുടെയും അച്ഛന്റെയും കുഞ്ഞാണെന്നും അവള് പറയുന്നു. കുഞ്ഞു കാസ്പിയനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ജാക്കിയും പോളും. മക്കളായാല്‍ ഇങ്ങനെ വേണം അല്ലേ…