കേളകം: കോവിഡ് രോഗികളെ ശുശ്രൂഷിച്ചതിന് മലയാളി കന്യാസ്ത്രീകൾക്ക് ഇറ്റാലിയൻ സർക്കാരിന്റെ ആദരം.
ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സഭാംഗങ്ങളായ സിസ്റ്റർ തെരേസ് വെട്ടത്ത്, സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴി എന്നിവരാണ് നാടിന് അഭിമാനമായത്.
വനിതാദിനത്തിൽ ഇറ്റാലിയൻ സർക്കാരും മുനിസിപ്പാലിറ്റി അധികൃതരും ആദരിച്ചതിനു പുറമെ റോം നഗരത്തിനു സമീപമുള്ള സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ രണ്ടു റോഡുകൾക്ക് താത്കാലികമായി ഇരുവരുടെയും പേര് നല്‍കുകയും ചെയ്തു.
കമില്ലസ് സന്യാസിനീ സഭയുടെ മദർ ജോസ്ഫീൻ വനീനി ആശുപത്രിയിൽ ഇരുപതു വർഷത്തോളമായി സേവനം ചെയ്യുകയാണ് മാനന്തവാടി രൂപതാംഗങ്ങളായ സിസ്റ്റർ തെരേസും സിസ്റ്റർ ഡെയ്സിയും.
ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയപ്പോൾ അതിന്റെ ചുമതല ഇവർക്കായിരുന്നു. ഇറ്റലിയില്‍നിന്നും നൈജീരിയയില്നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റർ തെരേസ വെട്ടത്ത് പരേതനായ മത്തായി-മേരി ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാത്തെ മകളാണ്. മാനന്തവാടി രൂപതയിലെ ചുങ്കക്കുന്ന് സ്വദേശിനിയാണ് സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴി.