ചങ്ങനാശേരി: ലോകത്ത് എവിടെയായിരുന്നാലും മനുഷ്യർക്കു ത്യാഗപൂർണമായ നന്മ ചെയ്യുക.
സൗത്ത് കൊറിയയിൽ നിന്ന് കുറിച്ചിയിൽ എത്തി സേവനം ചെയ്യുന്ന സിസ്റ്റർ മാത്യു കിം എന്ന സന്യാസിനിയുടെ വാക്കുകളാണിത്.
സിസ്റ്റർ മാത്യു കുറിച്ചിയിൽ വയോജനങ്ങൾക്കായി സാമൂഹ്യസേവനം തുടങ്ങിയിട്ട് 13വർഷം പിന്നിടുന്നു.
കൂട്ടുംഗെ സിസ്റ്റേഴ്സ് ഓഫ് ജീസസ് എന്ന കോണ്ഗ്രിഗേഷൻ അംഗമായ സിസ്റ്റർ മാത്യു കിം ഈ കോണ്‍ഗ്രിഗേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്സ് ഓൾഡ് ഏജ് ഹോമിന്റെ മദർ സുപ്പീരിയർ കൂടിയാണ്.
ഈ സ്ഥാപനത്തിൽ 29 വയോജനങ്ങളാണുള്ളത്. സൗത്ത് കൊറിയക്കാരായ ബെനഡിക്ട് -അന്ന ദന്പതികളുടെ മൂത്ത മകളാണ് സിസ്റ്റർ മാത്യു.
വിജയപുരം രൂപതാധികാരികളുടെ നിർദേശ പ്രകാരമാണ് സിസ്റ്റർ മാത്യു കിം കുറിച്ചിയിലെ ഈ സ്ഥാപനത്തിൽ ശുശ്രൂഷക്കായി എത്തിയത്.
കൊറിയക്കാരായ സിസ്റ്റർ പീറ്റർ, സിസ്റ്റർ സൈമണ്‍ എന്നിവരും ഈ സ്ഥാപനത്തിൽ സിസ്റ്റർ മാത്യുവിന്റെ സഹായിയികളായി പ്രവർത്തിക്കുന്നുണ്ട്.
കേരളത്തെ തനിക്ക് ഏറെ ഇഷ്ടമായെന്നും മഹാമനസ്കരായ നാട്ടുകാരുടെ സഹായത്തോടെയാണ് തങ്ങളുടെ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് സിസ്റ്റർ മാത്യു കിം പറഞ്ഞു.