തൃശൂർ: ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ പോൾ ഇന്ന് അധ്യാപനത്തിന്റെ പടിയിറങ്ങുകയാണ്, സ്വന്തം വൃക്ക പകുത്തു നല്കാനുള്ള ഒരുക്കവുമായി കാരുണ്യത്തിന്റെ പടവുകൾ കയറാൻ. പതിനേഴു വർഷമായി വൃക്കരോഗത്തോടു പോരാടുന്ന ഇതര മതവിശ്വാസിയായ യുവാവിനാണു വൃക്ക നൽകുന്നത്. തിങ്കളാഴ്ച എറണാകുളത്തെ ലേക്ഷോർ ആശുപത്രിയിൽ സിസ്റ്റർ പ്രവേശനം തേടും. അഞ്ചാം തീയതിയാണു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ.
“വ്യക്തിപരമായ ത്യാഗത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കണമെന്നതും സമൂഹത്തിനു നന്മ ചെയ്യണമെന്നതും കുറേക്കാലമായുള്ള ആഗ്രഹമാണ്’- വൃക്കദാനം നടത്തുന്ന തൃശൂർ അരണാട്ടുകര ഇൻഫന്റ് ജീസസ് സ്കൂളിലെ ഹെഡ്മിസ്ട്രസ് മെറിൻ പോൾ പറഞ്ഞു. ഹോളി ഫാമിലി സന്യാസസമൂഹാംഗമായ സിസ്റ്ററിനു വൃക്കദാനത്തിനു കരുണയുടെ വർഷത്തിൽ മേലധികാരികൾ അനുമതി നല്കി. വൃക്കദാതാവായ ഫാ. ഡേവിസ് ചിറമ്മൽ നയിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ മുഖേനയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കൊല്ലംജില്ലയിലെ നിലമേൽ ആഴാന്തക്കുഴിത്തോട്ടത്തിൽ സുരേന്ദ്രന്റെ മകൻ ഷാജുവാണു വൃക്ക സ്വീകരിക്കുന്നത്. മുപ്പത്താറുകാരനായ ഷാജു 17 വർഷമായി വൃക്കരോഗിയാണ്. ഡോക്ടർ തെറ്റായി കുറിച്ചുനല്കിയ മരുന്ന് ദീർഘകാലം കഴിച്ചാണ് വൃക്കകൾ തകരാറിലായത്. ഒരു വൃക്ക 16 വർഷം മുമ്പേ ശസ്ത്രക്രിയ ചെയ്തുനീക്കി. രണ്ടാമത്തേതും തകരാറിലാണെന്ന് അന്നേ ഡോക്ടർമാർ അറിയിച്ചിരുന്നു. ഏഴുവർഷമായി വൃക്കരോഗം വർധിച്ചു. മാറ്റിവയ്ക്കാൻ അനുയോജ്യമായ വൃക്കതേടി കിഡ്നി ഫെഡറേഷനിൽ പേര് രജിസ്റ്റർ ചെയ്തിട്ട് അഞ്ചുവർഷമായി.
വൃക്കദാനത്തിനു തയാറായി നേരത്തെ രണ്ടുപേർ എത്തിയതായിരുന്നു. നടപടിക്രമങ്ങൾ പുരോഗമിക്കവേ, അവർ പിന്മാറി. ഇനി എന്തു ചെയ്യുമെന്നറിയാതെ ദുഃഖിച്ചിരിക്കുമ്പോഴാണു സിസ്റ്റർ ദേവദൂതയായി എത്തുന്നത്. “എന്റെ ജീവൻ നിലനിർത്താൻ ദൈവം സിസ്റ്ററെ ഒരു മാലാഖയായി അയച്ചിരിക്കുകയാണ്. പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്’- വൃക്ക സ്വീകരിക്കുന്ന ഷാജു പറഞ്ഞു.
കുഷ്യനുകൾ തയാറാക്കുന്ന ജോലിയായിരുന്നു ഷാജുവിന്. 13 വർഷം മുമ്പ് വിവാഹിതനായി. ചികിത്സയ്ക്കു പണമില്ലാതായപ്പോൾ സ്വന്തം കിടപ്പാടം വിറ്റു. ഇപ്പോൾ അനുജനോടൊപ്പമാണു താമസം. ചികിത്സയ്ക്കു പണത്തിനായി സുഹൃത്തുക്കൾ ഓടിനടക്കുകയാണ്. ജനപ്രതിനിധികളുടെകൂടി പിന്തുണയോടെ എസ്ബിടി നിലമേൽ ശാഖയിൽ അക്കൗണ്ട് (നമ്പർ 67239664689, IFSC: SBTR0000228 ) തുടങ്ങി. ‘സന്മനസുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് നാളെ ആശുപത്രിയിൽ പ്രവേശിക്കുന്നത്’- ഷാജു പറയുന്നു.
സ്കൂളിൽനിന്നു വിരമിക്കുന്ന പ്രിയപ്പെട്ട സിസ്റ്റർ വൃക്കദാനം ചെയ്യുകയാണെന്നു സ്കൂളിലെ വിദ്യാർഥികൾക്കെല്ലാം അറിയാം. പ്രാർഥനകളും ആശംസകളുമായി ഓടിയെത്തിയ അവരെ സിസ്റ്റർ സ്നേഹപൂർവം ആശ്ലേഷിച്ചു.
“ഇവരെല്ലാം കരുണയുള്ള മക്കളാണ്. പല ദിവസവും വീട്ടിൽനിന്നു രണ്ടു ഭക്ഷണപ്പൊതി കൊണ്ടുവന്ന് പാവപ്പെട്ടവരെക്കൂടി ഉൗട്ടി. വീടില്ലാത്ത സഹപാഠിക്ക് ഇവർ വീടു നിർമിച്ചുനൽകി’- സിസ്റ്റർ പറഞ്ഞു. തൊയക്കാവ് എടക്കളത്തൂർ വീട്ടിൽ പൗലോസിന്റേയും ഏല്യാക്കുട്ടിയുടേയും മകളാണ് സിസ്റ്റർ മെറിൻ പോൾ.