ഷോളയൂർ: ആനശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർക്കു വേണ്ടി ഒറ്റയാൾ പ്രതിഷേധവുമായി റോഡിലിറങ്ങിയ കന്യാസ്ത്രീ മന്ത്രിയെയും അന്പരപ്പിച്ചു. വനംമന്ത്രി കെ.രാജുവാണ് വ്യത്യസ്തവും അപ്രതീക്ഷിതവുമായ പ്രതിഷേധത്തിനു മുന്നിൽപ്പെട്ടത്.
കൃഷിയും വസ്തുവകകളും ആന തകർക്കുന്നതു പതിവായതോടെയാണ് നാട്ടുകാർ മന്ത്രിയെ എങ്ങനെയെങ്കിലും പരാതി അറിയിക്കാൻ തീരുമാനിച്ചത്. ഷോളയൂരിൽ ക്ഷീരകർഷക സംഗമത്തിന്റെ ഉദ്ഘാടനത്തിനു വനംമന്ത്രി ഇന്നലെ എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ ഷോളയൂർ ദീപ്തി കോണ്‍വന്റിനു മുന്നിൽ മദർ സുപ്പീരിയർ സിസ്റ്റർ റിൻസിയും ഏതാനും നാട്ടുകാരും കാത്തുനിന്നു.
പരാതി പറയാനാണ് ഇവർ നിൽക്കുന്നതെന്നു പോലീസിനു മനസിലായതുമില്ല.
ഇവിടെ റോഡ് തകർന്നു കുണ്ടുംകുഴിയുമായി കിടക്കുന്നതിനാൽ മന്ത്രിയുടെ വാഹനം വളരെ സാവധാനമേ സഞ്ചരിക്കൂ എന്നു മനസിലാക്കിയാണ് ഇവർ കാത്തുനിന്നത്. മന്ത്രിയുടെ വാഹനം എത്തിയപ്പോൾ സിസ്റ്റർ റിൻസി ധൈര്യസമേതം വാഹനത്തിനു മുന്നിലേക്കു കയറി കൈകാട്ടി.
റോഡിന്റെ നടുവിലേക്കുസിസ്റ്റർ ചെന്നതോടെ മന്ത്രിയുടെ വാഹനം നിർത്തി. മന്ത്രി ഇരിക്കുന്ന ഭാഗത്തേക്കു ചെന്ന സിസ്റ്റർ വാഹനം മുന്നോട്ടെടുക്കരുതെന്ന് ഡ്രൈവറോട് അഭ്യർഥിച്ചു.
നാട്ടുകാരുടെ അപ്രതീക്ഷിത നീക്കത്തിൽ പോലീസും ഉദ്യോഗസ്ഥരും പകച്ചു. ആനശല്യംകൊണ്ട് തങ്ങൾ പൊറുതിമുട്ടിയെന്ന് സിസ്റ്റർ റിൻസി മന്ത്രിയോടു പറഞ്ഞു. ആദ്യമൊന്ന് അന്പരന്നെങ്കിലും മന്ത്രി വാഹനത്തിന്റെ ഗ്ലാസ് അല്പം താഴ്ത്തി സിസ്റ്റർ പറയുന്നതു കേട്ടു. ആനശല്യം മൂലം ജീവിക്കാനാവുന്നില്ലെന്നും റോഡുകൾ തകർന്നു കിടക്കുകയാണെന്നും പരിഹാരം വേണമെന്നും സിസ്റ്റർ പറഞ്ഞു.
പിന്നാലെ വാഹനത്തിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശൻ ഇറങ്ങി മദറിനോടു സംസാരിച്ചു. യോഗസ്ഥലത്തേക്ക് എത്താനും അവിടെവച്ചു സംസാരിക്കാമെന്നും പറഞ്ഞ് മന്ത്രിയും ഉദ്യോഗസ്ഥരും ഒരു വിധത്തിൽ പ്രതിഷേധക്കാരിൽനിന്ന് ഒഴിവായി.
പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണെന്നു പിന്നീട് സിസ്റ്റർ ദീപികയോടു പറഞ്ഞു. നാട്ടുകാർ ഭീതിയിലാണ് കഴിയുന്നത്. ആനകൾ വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ തുടങ്ങിയവ നശിപ്പിക്കാറുണ്ട്. സർക്കാർ സ്കൂളിലെ ഏഴു വനിതാ അധ്യാപകരും മൂന്നു സിസ്റ്റർമാരും സഹായിയായ ഒരു പെണ്‍കുട്ടിയുമാണ് കോണ്വന്റിലുള്ളത്. ഏതു സമയവും കാട്ടാനകൾ പ്രത്യക്ഷപ്പെടാവുന്ന സ്ഥിതിയായതിനാലാണ് മന്ത്രിയെ നേരിൽകണ്ടു വിവരം ധരിപ്പിച്ചതെന്നു മദർ അറിയിച്ചു.
അതേസമയം, ഒരു യൂണിറ്റ് ദ്രുതകർമസേനയെ അട്ടപ്പാടിയിൽ വിന്യസിക്കുമെന്നു മന്ത്രി ഉദ്ഘാടന വേദിയിൽ പറഞ്ഞു. കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നതു തടയാൻ സൗരോർജ വേലി, ആനമതിൽ, കിടങ്ങ് ഉൾപ്പെടെ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.