തൃശൂർ: പുഴുക്കൾ നിറഞ്ഞ വീടുകളിലേക്കു മടിയില്ലാതെ സഹായ ഹസ്തവുമായി സിസ്റ്റർമാരും കുട്ടികളുമെത്തിയത് എറിയാട് ഗ്രാമവാസികൾക്ക് ആശ്വാസമായി. കടൽക്ഷോഭത്തിൽ വെള്ളവും മണ്ണും കയറിയ വീടുകൾ വൃത്തിയാക്കാൻ തൂന്പയും മറ്റ് ആയുധങ്ങളും കൈയുറകളുമൊക്കെയായാണു പോയത്. ഇതിനു പുറമേ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്കു ഭക്ഷണം പാകം ചെയ്യാനുള്ള കലങ്ങളും മറ്റു പാത്രങ്ങളുമെടുത്തിരുന്നു.
തൃശൂർ സിഎംസി സിസ്റ്റേഴ്സ് പ്രൊവിൻഷ്യൽ സിസ്റ്റർ അനിജയുടെ നേതൃത്വത്തിലാണ് തൃശൂർ സെന്റ് മേരീസ് കോളജിലെ എൻഎസ്എസ് വിദ്യാർഥിനികൾ എറിയാടെത്തിയത്. പല വീടുകളിലെയും വസ്ത്രങ്ങളും മറ്റുമെടുത്തു മാറ്റുന്പോൾ തൊങ്ങൻപുഴുക്കൾ നിറഞ്ഞിരുന്നുവെന്ന് സിസ്റ്റർ ഡോ. കാർമൽ പറഞ്ഞു.
ഒട്ടുമിക്ക വീടുകളിലും വെള്ളവും മണ്ണും നിറഞ്ഞതോടെ പുഴുക്കളും നിറഞ്ഞത് ആളുകൾക്ക് താമസിക്കാൻ പോലും പറ്റാത്ത സാഹചര്യമാണുണ്ടാക്കിയിട്ടുള്ളത്. വീടുകൾ വൃത്തിയാക്കുക മാത്രമല്ല പരിക്കേറ്റ കുട്ടികളെയും വലിയവർക്കുമൊക്കെ ശുശ്രൂഷ നൽകി മരുന്നു നൽകാനും മറന്നില്ല.
കുട്ടികളുടെ യൂണിഫോമുകളും ബുക്കുകളും നിത്യോപയോഗ സാധനങ്ങളുമൊക്കെ ഒഴുകിപ്പോയത് ഇവരെ ദുഃഖത്തിലാഴ്ത്തിയിരിക്കയാണ്. വിവിധ തുറകളിലുള്ളവർ സഹായത്തിനെത്തുന്നുണ്ടെങ്കിലും കടൽ വീണ്ടും ചതിക്കുമോയെന്ന ഭീതി ഇവരെ വിട്ടുമീറുന്നില്ലെന്ന് സിസ്റ്റർ ഡോ. കാർമൽ പറഞ്ഞു. വസ്ത്രങ്ങൾ നഷ്ടപ്പെട്ടവർക്കു വസ്ത്രങ്ങളും സംഘം നൽകി. തൃശൂർ നിർമല പ്രൊവിൻസാണ് വേണ്ട സാന്പത്തിക സഹായം ചെയ്തത്.
ഇതുവരെ ആരും കടന്നു ചെല്ലാത്ത ഗ്രാമത്തിലെ വീടുകളിലേക്കാണു സംഘം എത്തിയത്. വീടുകളും പരിസരവും വൃത്തിയാക്കിയതിനുശേഷം രാത്രിയോടെയാണു മടങ്ങിയത്. സിസ്റ്റർമാരായ ഡോ. കാർമൽ, ലയ, എയ്ഞ്ചൽ മേരി, റീറ്റ ഗ്രെയ്സ്, എവ്ലിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.