ലക്നോ: ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും ആക്രമണം. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മിർപുർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പാളിനും അധ്യാപികയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.
തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനിയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഈ മാസം 10ന് നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും അധ്യാപിക സിസ്റ്റര്‍ റോഷ്നി മിന്‍ജുമാണ് ആക്രമിക്കപ്പെട്ടത്.
മിർപുരിൽനിന്ന് വാരാണസിയിലേക്ക് പോകാൻ ഇരുവരും ബസ് കാത്തു നിൽക്കവെയാണ് മതപരിവർത്തനം ആരോപിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ എത്തിയത്.
തുടർന്ന് കന്യാസ്ത്രീകളെ ഇവർ തടഞ്ഞുവയ്ക്കുകയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഏറെ നേരെ പോലീസ് സ്റ്റേഷനിൽ ഇരുന്ന കന്യാസ്ത്രീകളെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് മോചിപ്പിച്ചത്.
സംഭവത്തിൽ കന്യാസ്ത്രീകൾ പോലീസിൽ പരാതി നൽകി. ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് ആദ്യം പരാതി നൽകാതിരുന്നതെന്നാണ് ഇവർ പറയുന്നത്.