ചെറുതോണി: മരണക്കിടക്കയിൽ കഴിയുന്ന ജീവിതങ്ങൾക്കു സാന്ത്വന സ്പർശമായി സിസ്റ്റർ ലീന മരിയ. തടിയന്പാട് കുതിരക്കല്ല് എസ്എബിഎസ് ജയ്മാതാ പ്രോവിൻസ് അംഗമായ സിസ്റ്റർ, വീടുകളിൽ കഴിയുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ശുശ്രൂഷയിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു.
പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിയുടെ നിർദേശപ്രകാരം എസ്എബിഎസ് സഭാ സമൂഹത്തിനു കീഴിലാരംഭിച്ച പാലിയേറ്റീവ് ശുശ്രൂഷയുടെ ചുമതല സിസ്റ്റർ ലീന ഏറ്റെടുത്തു. സിസ്റ്ററിനെ സഹായിക്കാൻ താങ്ങുംതണലുമായി നഴ്സുമാരായ സിസ്റ്റർ റോസിൻ മേലേട്ട്, സിസ്റ്റർ അപർണ മരിയ പുന്നപ്പാടിയിൽ എന്നിവരും ഒപ്പമുണ്ട്.
ഇവരുടെ സേവനത്തിനായി വാഹനവും ഡ്രൈവറെയും വിട്ടുനൽകിയിട്ടുണ്ട്. ഇതോടെ ഇടുക്കി രൂപതയുടെ കീഴിൽ വരുന്ന മുഴുവൻ പ്രദേശങ്ങളിലും ഇവരുടെ സേവനം ലഭ്യമാക്കാനായി. സഹായിക്കാനാളില്ലാത്ത രോഗികളുടെ വീടും പരിസരവും ആവശ്യമെന്നു കണ്ടാൽ വൃത്തിയാക്കാനും ഇവർക്ക് മടിയില്ല.
ഇതിനു പുറമേ അവരുടെ വസ്ത്രങ്ങളും കഴുകി നൽകും. മുടിയും നഖവും വെട്ടിയും മുഖം ഷേവ് ചെയ്തുമെല്ലാം നൽകുന്നതു തങ്ങളുടെ ദൗത്യമായാണ് ഇവർ കാണുന്നത്. മുറിവുകൾ വച്ചുകെട്ടാനും ആവശ്യമായ മരുന്നും ശുശ്രൂഷകളും നൽകാനും ഇവർ സദാ സന്നദ്ധരാണ്.
തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വീടുവീടാന്തരം കയറിയിറങ്ങി ഇവർ കിടപ്പുരോഗികളെ ശുശ്രൂഷിക്കും. അത്യാവശ്യഘട്ടത്തിൽ മേലധികാരികളുടെ അനുവാദത്തോടെ മറ്റുസമയത്തും രോഗികളെ പരിചരിക്കാനും പോകാറുണ്ട്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിൽ നാലരവർഷത്തോളം സിസ്റ്റർ ലീന നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു. പ്രോവിൻഷ്യൽ ഹൗസിൽ പ്രായമായ സിസ്റ്റേഴ്സിനെ പരിചരിക്കുന്ന ദൗത്യവും പൂർത്തിയാക്കിയശേഷമാണ് ഈ ദൗത്യം ഏറ്റെടുത്തത്.
ബിജു കലയത്തിനാൽ