പനമരം: നഴ്സിന്റെ അവസരോചിത ഇടപെടൽ ആദിവാസി കോളനിയിൽ യുവതിയുടെ സുഖപ്രസവത്തിനു വഴിയൊരുക്കി. പഞ്ചായത്തിലെ ഏഴ്,എട്ട് വാർഡുകളുടെ ചുമതലയുള്ള പബ്ലിക് ഹെൽത്ത് നഴ്സ് ലിസി മാത്യുവിന്റെ സേവനതത്പരതയാണ് പുഞ്ചവയൽ പണിയ കോളനിയിലെ രാഗിണി ശങ്കരനു പ്രസവത്തിൽ തുണയായത്.
രാഗിണി പ്രസവവേദനയാൽ പുളയുന്ന വിവരം ഇന്നലെ വെളുപ്പിനു കോളനിയിലെ മുത്തുവെന്ന സ്ത്രീയാണ് ടെലിഫോണിലൂടെ ലിസിയെ അറിയിച്ചത്. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വാഹനം വിളിച്ചിട്ടു കിട്ടുന്നില്ലെന്നും കോളനിക്കടുത്തു കാപ്പിത്തോട്ടത്തിൽ ആനകൾ ഇറങ്ങിയിട്ടുണ്ടെന്നും മുത്തു പറഞ്ഞു.
വൈകാതെ സ്വന്തം വാഹനത്തിൽ കോളനിയിലെത്തിയ ലിസി പ്രസവമെടുത്തു. തുടർന്നു അമ്മയെയും കുഞ്ഞിനെയും പനമരം ഗവ.ആശുപത്രിയിലും പിന്നീടു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പെണ്‍കുട്ടികളുള്ള രാഗിണിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ വർഷം നടവയൽ ചെക്കിട്ട കോളനിയിലെ ബിന്ദു ബാലന്റെ പ്രസവം എടുത്തതും സിസ്റ്റർ ലിസിയാണ്. ആത്മധൈര്യവും ദൈവത്തിന്റെ അനുഗ്രഹവുമാണ് നേരത്തേ ബിന്ദുവിന്റെയും ഇപ്പോൾ രാഗിണിയുടെയും പ്രസവം എടുക്കാൻ സഹായകമായതെന്നു ലിസി പറഞ്ഞു.
പുഞ്ചവയൽ കോളനിയിലേക്കു പുലർച്ചെയുള്ള യാത്രയ്ക്കിടെ ആനയുടെ മുന്നിൽപ്പെടുമോ എന്ന ഭീതിയായിരുന്നില്ല, എങ്ങനെയും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കണമെന്നുള്ള ചിന്തയാണ് മനസിൽ ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു.