ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മലയാളികൾ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളെ എബിവിപി പ്രവർത്തകർ അധിക്ഷേപിച്ചു എന്ന ആരോപണം നിഷേധിച്ച കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ വാദം അമിത്ഷാ നൽകിയ ഉറപ്പ് അട്ടിമറിച്ചു.
19ന് നടന്ന ആക്രമണത്തിൽ കുറ്റക്കാരായവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിൽവച്ച് ഉറപ്പു നൽകിയിരുന്നു.
എന്നാൽ, ഇത്തരത്തിൽ ഒരു സംഭവമേ നടന്നിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയാണ് ഇല്ലാതാക്കു ന്നത്.
കന്യാസ്ത്രീകൾക്കെതിരേ ഉണ്ടായ അക്രമസംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണു കഴിഞ്ഞ ദിവസം ഝാൻസി റെയിൽവേ പോലീസ് ഡിഎസ്പി നയീം ഖാൻ മൻസൂരി ദീപികയോടു പറഞ്ഞത്.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റെയിൽവേ പോലീസ് പിന്നീട് അറിയിച്ചു.
അതിനിടെയാണ് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടേയില്ലെന്ന വാദവുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പ്രസ്താവന നടത്തിയത്.
സംഭവത്തിൽ എബിവിപി പ്രവർത്തകർക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന്, അത്തരം ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് മന്ത്രി പറഞ്ഞത്.
കന്യാസ്ത്രീകൾക്കെതിരേ ആരാണ് പോലീസിൽ പരാതി നൽകിയത് എന്ന ചോദ്യത്തിന് മന്ത്രി ഉത്തരം നൽകാൻ തയാറായില്ല.
എന്നാൽ, കന്യാസ്ത്രീകൾക്കെതിരേ പരാതി നൽകിയത് എബിവിപി പ്രവർത്തകരാണെന്ന് സംഘടന മീഡിയ കോഓർഡിനേറ്റർ ദിക്ഷാന്ത് സൂര്യവംശി വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ വ്യക്തിപരമായാണ് ഇടപെട്ടതെന്നും സംഘടനാപരമായല്ലെന്നും പറഞ്ഞ സൂര്യവംശി മതപരിവർത്തനം ആരോപിച്ചാണ് തങ്ങൾ പരാതി നൽകിയതെന്നും പറഞ്ഞിരുന്നു.
ഋഷികേശിൽനിന്നു പഠനക്യാന്പ് കഴിഞ്ഞു മടങ്ങിയ എബിവിപി പ്രവർത്തകരാണ് ഝാൻസിയിൽ കന്യാസ്ത്രീകൾക്കു അധിക്ഷേപവും ഭീഷണിയും മുഴക്കിയത്.