ഉറ്റസുഹൃത്തുക്കൾ അപ്രതീക്ഷിതമായി ബന്ധുക്കളും സഹോദരരുമാകുന്നതു സിനിമകളിലും സീരിയലുകളിലും നമ്മൾ കണ്ടിട്ടുണ്ട്.
അതൊക്കെ സിനിമയിലും മറ്റും മാത്രം നടക്കുന്ന നാടകീയതയാണെന്നു നമുക്കു പലപ്പോഴും തോന്നാറുണ്ട്.
എന്നാൽ, അമേരിക്കയിൽനിന്നുള്ള ഈ കഥ കേട്ടാൽ ഇതൊക്കെ ജീവിതത്തിലും സംഭവിക്കുമെന്നു വിസ്മയത്തോടെ സമ്മതിക്കേണ്ടി വരും.
ബാറിലെ കണ്ടുമുട്ടൽ
ഇവിടെ കഥ ആരംഭിക്കുന്നത് ഒരു ബാറിൽ വച്ചാണ്. കണക്റ്റിക്കട്ടിലെ ന്യൂഹവാനിലെ റഷ്യൻ ലേഡി ബാറിൽ ജോലി ചെയ്യുന്നതിനിടയിലാണ് ജൂലിയ ടിനെറ്റിയും (31) കസാന്ദ്ര മാഡിസണും (32) കണ്ടുമുട്ടിയത്. വളരെ പെട്ടെന്നു തന്നെ ഇവർ നല്ല സുഹൃത്തുക്കളായി.
വൈകാതെ ഈ സൗഹൃദം ശക്തിപ്പെടുകയും ഇരുവരും സഹോദങ്ങളുടേതിനു തുല്യമായ അടുപ്പം പുലർത്തുകയും ചെയ്തു. എന്നാൽ, കൂട്ടുകാരി തന്റെ യഥാർഥ കൂടെപ്പിറപ്പ് തന്നെയാണ് ഇരുവരും തിരിച്ചറിഞ്ഞതേയില്ല.
എട്ടുവർഷങ്ങൾക്കു ശേഷം ആ സത്യം തിരിച്ചറിഞ്ഞതിന്റെ അന്പരപ്പിലും ആഹ്ലാദത്തിലുമാണ് ഇരുവരും.
പതാക തെളിവ്
ഡൊമിനിക്കൻ പതാകയാണ് ഇരുവരും കൂടെപ്പിറപ്പാണെന്ന സൂചന ആദ്യം ഇവർക്കു നൽകിയത്. കസാന്ദ്രയുടെ കൈയിൽ പതിച്ചിരുന്ന ഡൊമിനിക്കൻ പതാകയാണ് അവർ സഹോദരിമാരാണെന്നു കണ്ടെത്തുന്നതിലേക്കു വഴി തുറന്നത്.
അതിനെക്കുറിച്ചു കൂടുതൽ സംസാരിച്ചപ്പോൾ രണ്ടു പേരും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നു ദത്തെടുക്കപ്പെട്ടരാണെന്നു തിരിച്ചറിഞ്ഞു.
ഇതോടെ ഇരുവരുടെയും രേഖകൾ ഒരുവട്ടം കൂടി പരിശോധിച്ചു. എന്നാൽ, മാതാപിതാക്കളുടെ പേരും നഗരവുമൊക്കെ വ്യത്യസ്തമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
തങ്ങൾ ഇരുവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണം അതോടെ അവസാനിപ്പിക്കാമെന്ന് ഇരുവർക്കും തോന്നി.
എന്നാൽ, ഇരുവരും തമ്മിലുള്ള ആത്മബന്ധവും ഇഷ്ടങ്ങളിലെ പൊരുത്തവും ചില രീതികളുമൊക്കെ എന്തോ ഒരു ബന്ധം സൂചിപ്പിക്കുന്നതുപോലെയുണ്ടെന്നു സുഹൃത്തുക്കൾ പലപ്പോഴും പറഞ്ഞതോടെ ആ സംശയം തീർക്കാൻ കൂടുതൽ അന്വേഷണം നടത്താൻ ഇരുവരും തീരുമാനിച്ചു.
തിരിച്ചറിയൽ
എന്തായാലും സഹോദരിമാരാണെന്ന അറിവില്ലായിരുന്നെങ്കിൽ പോലും സഹോദരിമാരെപ്പോലെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.
മിക്കപ്പോഴും ഒരുമിച്ചായിരുന്ന അവർ തങ്ങൾ സഹോദരിമാരാണെന്നാണ് മറ്റുള്ളവരോടു തമാശയായി പറഞ്ഞിരുന്നതും.
എന്നാൽ, തങ്ങൾ പറഞ്ഞിരുന്ന തമാശ സത്യം തന്നെയായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞതു കസാന്ദ്ര തന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തിയതോടെയാണ്.അവൾ തന്റെ പിതാവിനോട് എനിക്ക് ഒരു സഹോദരി കൂടിയുണ്ടോ എന്നു ചോദിച്ചു. ഉണ്ടെന്നായിരുന്നു പിതാവിന്റെ ഉത്തരം.
ഡിഎൻഎ പരിശോധന
ഇതോടെ ഞാൻ എന്റെ കാറിലേക്കു ചാടിക്കയറി. കണ്ക്ടികട്ടിലേക്കു ഡ്രൈവ് ചെയ്തു. ഉടൻ അവളെ കൂടെക്കൂട്ടി – കസാന്ദ്ര പറഞ്ഞു.
തുടർന്ന് ഇരുവരും ഇനി സംശയത്തിന്റെ കണിക പോലും ബാക്കി വയ്ക്കേണ്ട എന്നു തീരുമാനത്തിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ പോയി.
നെഞ്ചിടിപ്പോടെയാണ് പരിശോധനയ്ക്കു വിധേയരായത്. ഫലം കണ്ടപ്പോൾ വിസ്മയംകൊണ്ട് ഇരുവരും അന്പരന്നുപോയി. ഇരുവരും ഒരേ മാതാപിതാക്കളുടെ മക്കൾ.
ജൂലിയയും കസാന്ദ്രയും ഉൾപ്പെടെ ഒൻപത് മക്കളാണ് അവരുടെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നത്. മൂന്ന് ആണ്മക്കളും ആറു പെണ്മക്കളും.
ദാരിദ്ര്യം കാരണം ഏതാനും മക്കളെ ദത്തു നൽകുകയായിരുന്നു. ഇവർക്കു പുറമെ മറ്റൊരു പെണ്കുഞ്ഞിനെയും അവർ ദത്തു നല്കിയിരുന്നു. എട്ടു വർഷം ഒരുമിച്ചു ജോലി ചെയ്ത ഞങ്ങൾ സഹോദരിമാരാണ്.
ഒരേ അമ്മയും ഒരച്ഛനുമാണ് ഞങ്ങളുടേത്. എന്റെ സഹോദരിയെ ഞാൻ സ്നേഹിക്കുന്നു – കസാന്ദ്ര സന്തോഷത്താൽ വിളിച്ചു കൂവി.