കല്ലടിക്കോട്: തച്ചന്പാറ പൊന്നംകോട് കാഞ്ഞിരപ്പുഴ കനാലിൽ കുളിക്കുന്നതിനിടെ സഹോദരിമാർ മുങ്ങിമരിച്ചു. ഇന്നലെ രാത്രി പത്തിനായിരുന്നു അപകടം. ഒറ്റപ്പാലം അന്പലപ്പാറ നെടുന്പുറത്ത് ഷാജിയുടെ മക്കളായ റ്റിറ്റി (16), അലീന (13) എന്നിവരാണ് മുങ്ങിമരിച്ചത്.ബന്ധുവീട്ടിൽ വിരുന്നുവന്ന ഇരുവരും മൂന്നുകുട്ടികൾക്കൊപ്പം സമീപത്തെ കനാലിൽ രാത്രി 9.30-ഓടെ കുളിക്കാനിറങ്ങുകയായിരുന്നു.
കുളിക്കുന്നതിനിടെ സഹോദരിമാർ അബദ്ധത്തിൽ കുത്തൊഴുക്കിൽ അകപ്പെട്ടു.മറ്റു കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വട്ടന്പലത്തുനിന്നും ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തി രാത്രി 11ന് മൃതദേഹം കണ്ടെടുത്തു. ഡാമിൽനിന്നും അമിതതോതിൽ വെള്ളംവിട്ടതിനെ തുടർന്നാണ് കനാലിൽ ജലനിരപ്പ് കൂടിയത്.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മരിച്ച പെണ്‍കുട്ടികളുടെ അമ്മ റാണി കുവൈറ്റിൽ ജോലിചെയ്യുകയാണ്. മക്കളുടെ മരണവിവരമറിഞ്ഞ പിതാവ് ഷാജി അബോധാവസ്ഥയിൽ തച്ചന്പാറ ആശുപത്രിയിൽ ചികിത്സയിലാണ്.ഒറ്റപ്പാലം എൽഎസ്എൻ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.