കാണാതായ സഹോദരിമാരുടെ മൃതദേഹം വീടിനുള്ളിലെ ട്രങ്ക് പെട്ടിയ്ക്കുള്ളിൽ നിന്ന് കണ്ടെത്തി. പഞ്ചാബിലെ ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പെൺകുട്ടികളെ ഞായറാഴ്ച രാത്രി മുതൽ കാണാതായതായി മാതാപിതാക്കൾ പറഞ്ഞു. കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിൽ അഞ്ച് കുട്ടികളാണ് ഉള്ളത്. ഇതിൽ സഹോദരിമാരായ കാഞ്ചൻ (4), ശക്തി (7), അമൃത (9) എന്നിവരാണ് മരിച്ചത്.
മരണകാരണം കണ്ടെത്തുന്നതിനായി മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടികളുടെ പിതാവ് തിങ്കളാഴ്ച വീട്ടുപകരണങ്ങൾ മാറ്റുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നതെന്ന് പോലീസ് വ്യക്തമാക്കി.
മദ്യപാന ശീലത്തിന്റെ പേരിൽ വീടൊഴിയാൻ പെൺകുട്ടികളുടെ പിതാവിന് അടുത്തിടെ വീട്ടുടമയുടെ അന്ത്യശാസനം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.