അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. നെല്ലിപ്പതി ഉൗരിലെ രങ്കമ്മ-പഴനി സ്വാമി ദന്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 11നാണ് സംഭവം. ഇതിനെ തുടർന്ന് നവജാതശിശുവിന്റെ മൃതദേഹവുമായി അച്ഛൻ ഇന്ന് രാവിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുന്‍പിലെത്തി പ്രതിഷേധിച്ചു. അഗളി പോലീസിലും പരാതി നൽകി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഇതോടെ ഈ വർഷം അട്ടപ്പാടിയിൽ മരിച്ച നവജാതശിശുക്കളുടെ മരണം 15 ആയി. ഗർഭകാലത്തിന്റെ തുടക്കംമുതൽ രങ്കമ്മയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ചികിത്സ നൽകിവന്നിരുന്നത്. ഇവരുടെ പ്രസവതീയതി ഇക്കഴിഞ്ഞ 19ന് ആയിരുന്നു. എന്നാൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർ അവധിയിലായതോടെ 21-ാം തീയതി പ്രസവവേദന കലശലായ ഇവരെ ആനക്കട്ടിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്ത്രീയുടെ സ്ഥിതി ഗുരുതരമായതോടെ ആശുപത്രി അധികൃതർ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്നുകിലോ തൂക്കമുണ്ടായിരുന്നു മരിച്ച നവജാത ശിശുവിന്. സംഭവത്തെ തുടർന്ന് ഇന്നു രാവിലെ കുട്ടിയുടെ മൃതദേഹം ഓട്ടോറിക്ഷയിൽകയറ്റി പഴനിസ്വാമിയും ബന്ധുക്കളു ആശുപത്രിക്ക് മുന്‍പിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ഗൈനക്കോളജിസ്റ്റ് ഡോക്ടർ എത്താതിരുന്നതിൽ വ്യാപകമായി പ്രതിഷേധമുണ്ട്. രണ്ടു ഡോക്ടർ ഇവിടെയുണ്ടെങ്കിലും ഒരാൾ പരിശീലനത്തിലും മറ്റൊരാൾ മൂന്നുമാസമായി ലീവിലാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇക്കൊല്ലം മരിച്ച 15 നവജാതശിശുക്കളിൽ ആറു ശിശുക്കൾ മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
തൂക്കകുറവും പോഷകാഹാരക്കുറവുംമൂലം അട്ടപ്പാടിയിൽ നവജാതശിശുക്കളുടെ മരണം വർധിച്ചസംഭവം അട്ടപ്പാടിയെ പിടിച്ചുലയ്ക്കുകയാണ്. അതേ സമയം പോഷകാഹാരക്കുറവ് പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.സർക്കാർ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ടെങ്കിലും ഇത്തരം അനാസ്ഥകൾ വർധിക്കുന്ന് നാടിനെ നടുക്കുകയാണ്. കഴിഞ്ഞവർഷം അട്ടപ്പാടിയിൽ 16 നവജാതശിശുക്കളാണ് മരിച്ചത്.
2016 ൽ 13 നവജാതശിശുക്കളുമാണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബർ 22ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നവജാതശിശു മരിക്കാനിടയായ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ആദിവാസികൾ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. തുടർന്ന് മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി സർക്കാർ രൂപീകരിച്ച ഒന്‍പതംഗ അവലോകന സമിതിയോഗം ചേരുകയും മേഖലയിൽ ഇനി നവജാതശിശുക്കൾ മരിച്ചാൽ മൃതദേഹം നിർബന്ധമായും പോസ്റ്റുമോർട്ടം നടത്താനും തീരുമാനിച്ചിരുന്നു.
കൂടാതെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ ഒരു പകർപ്പ് ബന്ധുക്കൾക്ക് നൽകാനും തീരുമാനമെടുത്തിരുന്നു. ഇന്നലെ മരിച്ച നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടത്തറ ട്രൈബൽ ഡവലപ്പ്മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.