തിരുവനന്തപുരം: പോലീസുകാർ പല വിധമുണ്ട് എന്നത് സത്യമായിരിക്കും. എന്നാൽ മാറാനല്ലൂർ എഎസ്ഐ സുരേഷിനെ പോലെ മറ്റൊരാളുണ്ടാകില്ല. കേരളാ പോലീസ് സേനയ്ക്ക് അഭിമാനം ഉയർത്തുന്ന സുരേഷിന്റെ പ്രവൃത്തിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മാറാനല്ലൂരാണ് സംഭവം നടന്ന സ്ഥലം. മാറാനല്ലൂരിലെ എഎസ്ഐയാണ് നമ്മുടെ കഥാനായകനായ സുരേഷ്. ബിജെപി-സിപിഎം സംഘർഷത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ച സ്ഥലം കൂടിയാണ് തലസ്ഥാന ജില്ലയിലെ ഈ ഗ്രാമം. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ പ്രദേശത്തെ സിപിഎം-ബിജെപി കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളും പരക്കെ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി പ്രതിഷേധങ്ങളും സംഘർഷങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു.
സംഘർഷങ്ങളുടെ പേരിൽ പരസ്പരം ആരോപണങ്ങൾ ബിജെപിയും സിപിഎമ്മും ഉന്നയിക്കുന്നതിനിടെയാണ് യഥാർഥ കള്ളൻ സിസിടിവിയിൽ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് പോലീസ് കള്ളന്റെ കൈലിരിപ്പ് സിസിടിവി കാമറ ഒപ്പിയെടുത്തത്. പോലീസ് വാഹനത്തിൽ അർധരാത്രി ഒന്നിന് ഉൗരുട്ടന്പലം ജംഗ്ഷനിൽ എത്തിയ എഎസ്ഐ സുരേഷ് ബിജെപിയുടെ കൊടിമരം വളച്ചൊടിക്കുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. പോലീസ് വാഹനത്തിൽ യൂണിഫോം അണിഞ്ഞ് സഹപ്രവർത്തകനൊപ്പം എത്തിയാണ് എഎസ്ഐ കർമ്മം നിർവഹിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് ഒരു വിശദീകരണവും നൽകിയിട്ടില്ല.