സീതാറാം പഞ്ചലിനെ തിരിഞ്ഞുനോക്കാതെ ബോളിവുഡ് ലോകം! ഒരു കാലത്ത് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന കലാകാരന്റെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നത്

_40c7635e-6ad8-11e7-9994-94edcc701b36വര്‍ണ്ണപ്പൊലിമയില്‍ ആറാടുമ്പോള്‍, അല്ലെങ്കില്‍ കോടിത്തിളക്കത്തില്‍ മതിമറക്കുമ്പോള്‍ ബോളിവുഡ് ലോകം സഹജീവികളെ ശ്രദ്ധിക്കാറില്ല എന്നതിന് തെളിവാണ് സ്ലം ഡോഗ് മില്ല്യണയര്‍ പോലുള്ള ലോകപ്രശസ്ത സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സീതാറാം പഞ്ചല്‍ എന്ന് കലാകാരന്റെ ഇപ്പോഴത്തെ അവസ്ഥ. ഒരുകാലത്ത് താരമായിരുന്നെങ്കിലും സീതാറാമിന് ഇന്ന് ഒന്നുമില്ല. ഇദ്ദേഹം ഇപ്പോള്‍ ചോദിക്കുന്നത് ചാന്‍സല്ല, ഒരിറ്റ് സഹായമാണ്. ഒരു ചെറിയ കൈത്താങ്ങാണ്. കാന്‍സര്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പാണ് ദേശീയ അവാര്‍ഡ് ജേതാക്കളായ അക്ഷയ് കുമാറിനും ഇര്‍ഫന്‍ ഖാനുമൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത പഞ്ചല്‍.

59640009.cms

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ജോളി എല്‍. എല്‍.ബിയിലും ഇര്‍ഫന്‍ ഖാന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പാന്‍ സിങ് തോമറിലുമാണ് പഞ്ചല്‍ അവസാനം അഭിനയിച്ചത്. ഇതിന് പുറമെ ബാന്‍ഡിങ് ക്യൂന്‍, സ്ലംഡോഗ് മില്ല്യണര്‍, പീപ്പിലി ലൈവ്, ദി ലെജന്‍ഡ് ഓഫ് ഭഗത്സിംഗ് എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷമായി കാന്‍സറിന് ചികിത്സിച്ചുകൊണ്ടിരിക്കുന്ന പഞ്ചല്‍ കഴിഞ്ഞ പത്ത് മാസമായി തീര്‍ത്തും കിടപ്പിലാണ്. ശ്വാസകോശത്തിനും വൃക്കയ്ക്കുമാണ് അര്‍ബുദം ബാധിച്ചത്. ആദ്യം ആയുര്‍വേദ ചികിത്സയായിരുന്നു. പിന്നെ ഹോമിയോപതിയായി. എന്നിട്ടും രക്ഷയില്ലാതായപ്പോള്‍ അലോപ്പതിയായി ശരണം. പക്ഷേ, അപ്പൊഴേയ്ക്കും തീര്‍ത്തും അവശനായി. പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകാതായി. കുടുംബനാഥന്‍ കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി.

മുഖത്ത് നിന്ന് ആര്‍ക്ക്ലൈറ്റുകള്‍ മാഞ്ഞതോടെ ആരാധകരും സിനിമാപ്രേമികളും അകന്നു. ഒരു കൈ സഹായിക്കാനോ ആരോഗ്യസ്ഥിതി ഒന്നന്വേഷിക്കാനോ ആരുമില്ലാതായി. അക്ഷരാര്‍ഥത്തില്‍ പിച്ച തെണ്ടേണ്ട അവസ്ഥയിലായി താരത്തിന്റെ കുടുംബം. കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയപ്പോള്‍ ഫേസ്ബുക്ക് പേജിലൂടെ പഞ്ചലിന് തന്നെ സഹായം അഭ്യര്‍ഥിക്കേണ്ടിവന്നു. അതിനുശേഷമാണ് അഭിനേതാക്കളുടെ സംഘടനയായ സിനി ആന്‍ഡ് ടി.വി. ആര്‍ടിസ്റ്റ്സ് അസോസിയേഷന്‍ രംഗത്തുവന്നത്. ഫേസ്ബുക്കിലൂടെ തന്നെയാണ് അവരും സഹായം അഭ്യര്‍ഥിച്ചത്. സഹായധനം അയയ്‌ക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കി. ഇത് കണ്ടതോടെ ഏതാനും അഭിനേതാക്കള്‍ ചെറിയ ചില സഹായങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ മികച്ച രീതിയിലുള്ള എന്തെങ്കിലും സഹായം ലഭിക്കാതെ ഇദ്ദേഹത്തിന് ജീവിതത്തിലേയ്ക്ക് തിരിച്ചവരാന്‍ സാധിക്കില്ലെന്നാണ് പഞ്ചലിന്റെ ഭാര്യ പറയുന്നത്.

Related posts