മാന്നാർ: മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മാന്നാറിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതറാം യച്ചൂരി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ചു.അതേസമയം കോണ്‍ഗ്രസിനെയും രാഹൂൽഗാന്ധിയെയും മൃദുസമീപനത്തിലൂടെ തഴുകി വിട്ടു.
ഒന്നേകാൽ മണിക്കൂറോളം നടത്തിയ പ്രസംഗത്തിൽ ഉടനീളം ബിജെപിയേയും പ്രധാനമന്ത്രിയേയും വളരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കോണ്‍ഗ്രസിനെയും രാഹൂൽഗാന്ധിയെയും പരമാർശിച്ച് പ്രസംഗിച്ചത് അഞ്ച് മിനിറ്റിൽ താഴെ മാത്രം. അതും രണ്ട് വരിയിൽ ഒതുക്കിയുള്ള പ്രസംഗവുമായിരുന്നു.ബിജെപിയുടെ വർഗീയത മുതൽ നരേന്ദ്രമോദിയുടെ റാഫാൽ അഴിമതിയും രണ്ട് മോദിമാർ ബാങ്കുകളെ കബളിപ്പിച്ച് കോടികളുമായി വിദേശ രാജ്യങ്ങളിലേക്ക് കടന്നതുമെല്ലാം സീതാറാം യച്ചൂരി അക്കമിട്ട് നിരത്തി.
കോണ്‍ഗ്രസ് വയനാട്ടിൽ രാഹൂൽഗാന്ധിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പോകുന്ന മതേതര ജനാധിപത്യ സംഖ്യത്തിന് യാതൊന്നും സംഭവിക്കില്ലെന്നും രാഹൂൽ മത്സരിക്കുന്ന വയനാട്ടിൽ ഉൾപ്പടെ 20 സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്നുമുള്ള ചെറിയ വാക്കുകളിൽ മാത്രമായി ഒതുക്കിയാണ് സിപിഎം ജനറൽ സെക്രട്ടറി പ്രസംഗിച്ചത്.
എന്നാൽ കേരളത്തിലെ ജില്ലാ നേതാക്കൾ എല്ലാം തന്നെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചാണ് പ്രസംഗങ്ങൾ നടത്തിയത്. പി.വിശ്വംഭരപണിക്കർ അധ്യക്ഷനായിരുന്നു. സജി ചെറിയാൻ എംഎൽഎ, തോമസ് ചാണ്ടി എംഎൽഎ, ടി.ജെ.ആഞ്ചലോസ്, ഷെയ്ഖ്.പി.ഹാരീസ്, സി.എസ്.സുജാത, പി.പ്രസാദ്, പ്രഫ.പി.ഡി.ശശിധരൻ, എൻ.എച്ച്.റഷീദ്, ജി.ഹരികുമാർ, പി.എൻ.ശെൽവരാജ് എന്നിവർ പ്രസംഗിച്ചു.