കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ പണി തീർന്നതും, പണിത് കൊണ്ട് ഇരിക്കുന്നത് മായ പല കെട്ടിടങ്ങളുടെയും പ്ലാൻ അംഗീകൃത എൻജിനിയർമാരുടെ വ്യാജ ഒപ്പും സീലും ഇട്ട് തരപ്പെടുത്തിയ സംഭവത്തിൽ കെട്ടിട നിർമാണ കരാറുകാരനെതിരെ പോലീസ് കേസെടുത്തു. ഇതിന് ഒത്താശ ചെയ്ത നഗരസഭാ ഓഫീസിലെ ജീവനക്കാരനെതിരെ അന്വേഷണം ഊർജിതമാക്കി.
പ്രമുഖകരാറുകാരനും നഗരം സ്വദേശിയുമായ ഗിരീഷ്കുമാറിനെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. മൂന്നു നിലകൾക്കു മുകളിലുള്ള കെട്ടിടങ്ങളുടെ പ്ലാൻ സമർപ്പിക്കാൻ നഗരത്തിലെ ചുരുക്കം എൻജിനിയർമാർക്കു മാത്രമെ നഗരസഭയുടെ ലൈസൻസുള്ളു.
ഇതിൽപെടുന്ന കക്കോടി സ്വദേശി സുനിൽകുമാറിന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ഗിരീഷ്കുമാർ നഗരസഭയിൽ പ്ലാൻ സമർപ്പിക്കുകയും, കെട്ടിടനിർമാണ പെർമിറ്റ് നേടുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്ത നഗരസഭ ബിൽഡിംഗ് സെകക്്ഷനിലെ ജീവനക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ കേസിൽ രണ്ടാം പ്രതിയാകും.
ഒരു മാസം മുമ്പ് ആനി ഹാൾ റോഡിൽ പണിത് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ അപകടം ഉണ്ടായതിനെ തുടർന്ന് കെട്ടിട പരിശോധനകൾ നടത്തിയപ്പോഴാണ് വ്യാജ ഒപ്പിട്ട് കെട്ടിട പെർമിറ്റുകൾ സമ്പാദിക്കുന്ന വിവരം പുറത്തായത്.
എഞ്ചിനീയർമാർ അറിയാതെ അവരുടെ പേരിൽ സീലും, അവരുടെ ഒപ്പും ഇട്ട് നിയമം ലംഘനമായ കെട്ടിടങ്ങൾക്ക് പെർമിറ്റ് ശരിയാക്കി കൊടുക്കുന്ന ഒരു സംഘം തന്നെ കോഴിക്കോട് കോർപറേഷനിൽ നിലയുറപ്പിച്ചതായി പോലീസ് കണ്ടെത്തി.
നിയമം ലംഘിച്ച് കൊണ്ട് പണിയുന്ന ഇത്തരം കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിച്ച് കൊടുത്താൽ ലക്ഷങ്ങളാണ് പ്രതിഫലമായി ഇക്കൂട്ടർ വാങ്ങുന്നത്. ഇതിന്റെ ഒരു പങ്ക് കോർപറേഷനിലെ ഉദ്യോഗസ്ഥർക്കും ഉള്ളതാണ്.
ആനി ഹാൾ റോഡിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന കെട്ടിടം നിയമം ലംഘിച്ച് കൊണ്ടുള്ളതിനാൽ , ആ കെട്ടിടത്തിന്റെ പ്ലാനിൽ ഒപ്പിട്ടു എന്നു പറയുന്ന എഞ്ചിനീയർ കക്കോടി സ്വദേശി സുനിൽ കുമാറിന് കോർപറേഷൻ നോട്ടീസ് അയച്ചപ്പോഴാണ് തന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൊണ്ടാണ് ആനി ഹാൾ റോഡിലെ അനധികൃത കെട്ടിടത്തിന് പെർമിറ്റ് സമ്പാദിച്ചതെന്ന് മനസിലായത്.
തന്റെ പേരിൽ നടന്ന വഞ്ചന അറിയാൻ ഉടനെ സുനിൽ കുമാർ കോർപറേഷനിൽ നിന്നും , ആ കെട്ടിടത്തിന്റെ പ്ലാൻ അടങ്ങിയ ഫയൽ വിവരാ വകാശ നിയമം പ്രകാരം ആവശ്യപ്പെട്ടു. ഫയൽ കാണുന്നില്ലാ എന്നായിരുന്നു മറുപടി.
പുതുതായി പണി നടന്നു കൊണ്ടിരിക്കുന്ന നഗരത്തിലെ ബഹു നില കെട്ടിടത്തിന്റെ ഫയലാണ് കാണുന്നില്ലന്ന് നഗരസഭ പറയുന്നത്.ഇതേ തുടർന്നു തന്റെ പേരു ഉപയോഗിച്ച് തന്റെ വ്യാജ ഒപ്പും സീലും ഇട്ടുകൊണ്ട് കെട്ടിട പെർമിറ്റ് സമ്പാദിച്ച ഗീരിഷ് കുമാറിനെതിരെ സുനിൽ കുമാർ നഗരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി കിട്ടിയതിനെ തുടർന്ന് ടൈൺ ഇൻസ്പെക്ടർ പി.എം.മനോജ് ഇരുവരുടെയും മൊഴികൾ രേഖപ്പെടുത്തി.
പോലീസ് അന്വേഷണത്തിൽ ഗിരീഷ് കുമാർ നിരവധി കെട്ടിടങ്ങൾക്ക് പെർമിറ്റ് സമ്പാദിച്ചെടുത്തത് ഇത്തരം തട്ടിപ്പിലുടെയാണെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സുനിൽ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒപ്പുകൾ വ്യാജമാണോയെന്ന് പരിശോധിക്കുവാൻ ഫോറൻസിക്ക് വകുപ്പിന് അയച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ മനോജ് പറഞ്ഞു. ഒപ്പ് വ്യജമാണെന്ന് സ്ഥിരീകരിച്ചാൽ ഗിരീഷ്കുമാറിനെ അറസ്റ്റുചെയ്യും.
ആനി ഹാൾ റോഡിൽ നിർമ്മിക്കുന്ന അപകടത്തിൽപ്പെട്ട കെട്ടിടത്തിന്റെ ഉടമയുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിൽ പരം രൂപ കെട്ടിട ഉടമയിൽ നിന്നും ഗിരീഷ് കുമാർ വാങ്ങിയതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ജില്ലയ്ക്ക് പുറത്തും ഇത്തരത്തിൽ കെട്ടിടങ്ങൾക്ക് പെർമിറ്റ് ശരിയാക്കി എടുത്തതായി പോലീസ് സംശയിക്കുന്നു.
കോർപറേഷനിലെ ഭരണ പക്ഷവുമായി നല്ലബന്ധമാണ് ഗിരീഷ് കുമാറിന് ഉള്ളത് എന്ന ആരോപണം ഉണ്ട്. അതിനാൽ ഗിരീഷ് കുമാറുമായി ബന്ധപ്പെട്ട ഫയലുകളിൽ തിരുത്തലുകൾ തകൃതിയായി നടന്നു വരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
എൻജിനിയർ സുനിൽകുമാറും, കരാറുകാരൻ ഗിരീഷ്കുമാറും തമ്മിൽ നേരത്തെ സൗഹൃദത്തിലായിരുന്നു. പിന്നീട് ഫീസിന്റെ പേരിൽ ഇരുവരും തെറ്റിപിരിയുകയായിരുന്നു.