പാര്‍വതി തിരുവത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗതനായ മനു അശോകനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. പാര്‍വ്വതിക്കു പുറമെ ആസിഫ് അലിയും ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
സിനിമയുടെ ട്രെയിലറും പാട്ടുകളും നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.ഗോപി സുന്ദറായിരുന്നു ഉയരെയിലെ ഗാനങ്ങള്‍ ഒരുക്കിയിരുന്നത്. ഉയരെയില്‍ സിത്താരയും വിജയ് യേശുദാസും ചേര്‍ന്ന് പാടിയ നീ മുകിലോ എന്ന പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സിനിമയുടെതായി പുറത്തിറങ്ങിയ ഗാനരംഗങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.
ചിത്രവും ഗാനങ്ങളും അഭിനന്ദനം നേടുന്നതിനിടെ നീ മുകിലോ ഗാനം പാടി സിത്താരയും മകള്‍ സാവന്‍ ഋതുവും ഫേസ്ബുക്കില്‍ എത്തിയിരുന്നു. സിത്താര തന്നെയായിരുന്നു മകള്‍ക്കൊപ്പം പാട്ട് പാടിയതിന്റെ വീഡിയോ പങ്കുവെച്ചിരുന്നത്. ഉയരെ വിജയമായതിന്റെ സന്തോഷവും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കുളള നന്ദിയും അറിയിച്ചുകൊണ്ടായിരുന്നു സിത്താരയും മകളും പാട്ടുമായി എത്തിയത്. അതിമനോഹരമായ ആലാപനമാണ് വീഡിയോയില്‍ സിത്താരയും മകളും കാഴ്ചവച്ചിരിക്കുന്നത്. അഭിനന്ദന പ്രവാഹമാണ് ഇരുവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നതും.