ദക്ഷിണേന്ത്യയില്‍ വന്നു മത്സരിച്ചാല്‍ സീറ്റു കൂടുമെന്ന് രാഹുലിനെ ആദ്യം ഉപദേശിച്ചത് സീതാറാം യെച്ചൂരി!! കര്‍ണാടകയിലോ തമിഴ്‌നാട്ടിലോ രാഹുല്‍ വരുമെന്ന് കരുതിയ യെച്ചൂരിക്ക് തെറ്റിയപ്പോള്‍ പണികിട്ടിയത് സിപിഎമ്മിനും

കേരളത്തില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിച്ചത് കോണ്‍ഗ്രസുകാരല്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് രാഹുലിനെ രണ്ടാംസീറ്റിലും മത്സരിക്കാന്‍ ഉപദേശിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്ന് മത്സരിക്കാന്‍ തെരഞ്ഞെടുക്കാനായിരുന്നു യെച്ചൂരിയുടെ ഉപദേശം. അവസാനം സിപിഎമ്മിന് തിരിച്ചടിയായി വയനാട് തന്നെ രാഹുല്‍ മത്സരിക്കാനെടുക്കുകയും ചെയ്തു.

രാഹുലിനോട് തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കണമെന്ന നിര്‍ദേശം ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ചു. എന്നാല്‍, ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നതിന് കര്‍ണാടകമാണ് നല്ലതെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയടക്കം അഭിപ്രായപ്പെട്ടത്. വിഭാഗീയതമൂലമുള്ള അനിശ്ചിതത്വമുള്ളതിനാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കള്‍ ഈ ഘട്ടത്തില്‍ ആവശ്യപ്പെട്ടു. സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാടിനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.

വയനാടാണ് രാഹുലിന്റെ രണ്ടാം മണ്ഡലമെന്നറിഞ്ഞപ്പോള്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ മുഖേന അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സീതാറാം യെച്ചൂരി ശ്രമിച്ചു. ദേശീയതലത്തില്‍ മതേതര ബദലിന് ശ്രമിക്കുമ്പോള്‍ വയനാട്ടില്‍ ഇടതുസ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കരുതെന്നായിരുന്നു അഭ്യര്‍ഥന. രാഹുലുമായി ഏറ്റവും അടുപ്പമുള്ള ആളെന്ന നിലയില്‍, കേരളത്തിലെ പ്രചാരണപരിപാടികളില്‍ വയനാട്ടിനെ ഉള്‍പ്പെടുത്താതിരിക്കാനും യെച്ചൂരി ശ്രദ്ധിച്ചു.

രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടു ചോദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരും. ഇക്കാര്യം ഹൈക്കമാന്‍ഡ് ഇതിനകം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബേലറിയിലും പ്രിയങ്ക വോട്ട് തേടുന്നത് പതിവാണ്. ഇത്തവണ കേരളത്തില്‍ മറ്റു ചില മണ്ഡലങ്ങളിലും പ്രിയങ്ക എത്തും. ഇടുക്കി, ആലത്തൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലാകും പ്രിയങ്ക വരിക.

Related posts