വൈപ്പിൻ: ബൈക്കിൽ സഞ്ചരിച്ച് മാല പൊട്ടിക്കുന്ന യുവദമ്പതികൾ അറസ്റ്റിൽ. നായരമ്പലം നെടുങ്ങാട് സ്വദേശികളും എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ വാടകക്ക് താമസിക്കുന്നവരുമായ കളത്തിപ്പറമ്പിൽ സുജിത്ത് കുമാർ(35), ഭാര്യ വിദ്യ(29) എന്നിവരെ ആലുവ റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ടീമാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിന് പുലർച്ചെ നെടുങ്ങാട് ഭാഗത്തുവച്ച് പള്ളിയിലേക്ക് പോകുകയായിരുന്ന റോസി എന്ന വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിനെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞിരുന്നു.
കൂടാതെ ഞാറക്കൽ മഞ്ഞനക്കാട് ഭാഗത്ത് വച്ച് ഈ മാസം 10ന് ഒരു വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമവും നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങളുടേയും പാശ്ചാത്തലത്തിലാണ് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി പോലീസ് ഞാറക്കൽ മുനമ്പം മേഖലകളിലെ 60 ൽ പരം സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ വ്യക്തമായില്ലെങ്കിലും ബൈക്കിന്റെ നമ്പർ ലഭിച്ചു. ഇത് വച്ച് അന്വേഷിച്ചപ്പോൾ നമ്പർ വ്യാജമാണെന്ന് മനസിലായി.
തുടർന്ന് പോലീസ് ബൈക്കിന്റെ കമ്പനി പേര് വച്ചായി അന്വേഷണം. ഇതിന്റെ ഭാഗമായി 10 ഓളം പേരെ ഞാറക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഒടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് പ്രതികൾക്കായി തെരച്ചിലായി.ഇതിനിടെ പ്രതികൾ എടവനക്കാട് ഭാഗത്തേക്ക് ബൈക്കിൽ വരുന്നതായി റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞാറക്കൽ സിഐ രാജൻ കെ. അരമന, എസ്ഐ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
നെടുങ്ങാടു വച്ച് പൊട്ടിച്ചെടുത്ത രണ്ടര പവൻരെ മാല പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.