കോട്ടയം: ശിവരാത്രി ആഘോഷത്തിനായി തിരുനക്കര, ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങള്‍ ഒരുങ്ങി. തിരുനക്കരയിൽ നാളെ രാവിലെ 9.30നു ജലധാര, ക്ഷീരധാര, നവകം, 11നു കളഭാഭിഷേകം, വൈകുന്നേരം 5.30നു പ്രദോഷപൂജ, ആറിനു ദീപാരാധന, നാമജപ പ്രദക്ഷിണം, ഏഴിനു സ്വയംഭൂ ദര്‍ശനം, ഒന്പതിനു ഘൃതധാര, രുദ്രജപം, 12നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പ്, ചുറ്റുവിളക്ക്. ശിവരാത്രി മണ്ഡപത്തില്‍ വൈകുന്നേരം അഞ്ചിനു ശിവനാമാര്ച്ചന, ഏഴിനു ഭജന, 8.30നും ഭക്തി ഗാനമേളയും ഉണ്ടായിരിക്കും.
ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നാളെ രാവിലെ ഏഴിനു ശ്രീബലി, 7.30നു സോപാന സംഗീതം, 8.15നു സംഗീത സദസ്, വൈകുന്നേരം 5.30നു മഹാശയന പ്രദക്ഷിണം, പ്രദോഷ പൂജ, ദീപക്കാഴ്ച, പ്രദോഷ ശ്രീബലി, രാത്രി എട്ടിനു സിനിമാതാരം അഞ്ജലി ഹരിയുടെ നൃത്തം. ഒന്പതിനു ക്ലാസിക്കല്‍ ഡാന്‍സ്, 12നു ശിവരാത്രി പൂജ, 12.15നു കുച്ചിപ്പുടിയും അരങ്ങേറും.
വൈക്കം ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കു പുറമെ 18 വിശേഷാല്‍ പൂജകളും നിവേദ്യവും നടത്തും. ശ്രീഭൂതബലി, പ്രാതല്‍, കാവടി, അഭിഷേകം, വൈകുന്നേരം ആനപ്പുറത്ത് എഴുന്നള്ളിപ്പ്, പുഷ്പാലങ്കാരം എന്നിവയും വിവിധ കലാപരിപാടികളും നടക്കും. വൈകുന്നേരം അഞ്ചിനു വൈക്കം കച്ചേരിക്കവലയില്നിന്നു ഭസ്മക്കാവടി ആരംഭിക്കും. തുടര്‍ന്നു ഭസ്മക്കാവടി ക്ഷേത്രത്തില്‍ എത്തി അഭിഷേകം നടത്തും.