തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ച എസ്എഫ്ഐ നേതാക്കൾ പോലീസ് പരീക്ഷയിൽ ഉയർന്ന റാങ്കുകളിൽ എത്തപ്പെട്ട സംഭവം പിഎസ്സി വിജിലൻസ് അന്വേഷിക്കും. പിഎസ്സി ചെയർമാൻ എം.കെ.സക്കീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.
അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കും വരെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർക്ക് അഡ്വൈസ് മെമ്മോ നൽകില്ലെന്നും ചെയർമാൻ അറിയിച്ചു. ഇവർക്കുൾപ്പെടെ പരീക്ഷ കേന്ദ്രങ്ങൾ മാറ്റി നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിനു പിന്നാലെ പിഎസ്സിയുടെ വിശ്വാസ്യത തകർന്നു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നതെന്നും അത്തരത്തിൽ വാർത്തകൾ നൽകരുതെന്നും സക്കീർ ആവശ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ.നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടം നേടിയതാണ് വിവാദമായിരിക്കുന്നത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.