കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ മണ്ടന്മാരാക്കി സര്‍വകലാശാല പരീക്ഷയെഴുതുന്ന എസ്എഫ്ഐ നേതാക്കളുടെ കഥ പുറത്തായതോടെ കടുത്ത പ്രതിഷേധമാണുയരുന്നത്. അധ്യാപകന്റെ കാലുപിടിച്ചാണ് പരീക്ഷയില്‍ ഒരു എക്സ്ട്രാഷീറ്റ് വാങ്ങുന്നത്. എന്നാല്‍ എസ്എഫ്ഐക്കാര്‍ക്കാവട്ടെ ഇതൊന്നും ഒരു വിഷയമേയല്ല.
വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിയന് ഓഫീസിലും ബണ്ടില്‍ കണക്കിന് പരീക്ഷാ പേപ്പറുകളാണ് കണ്ടെത്തിയത്. ഇതിനെപ്പറ്റി പോലീസ് ചോദിച്ചപ്പോള്‍ ശിവ രജ്ഞിത്ത് പറഞ്ഞത്. താന്‍ പരീക്ഷ പേപ്പര്‍ മോഷ്ടിച്ചിട്ടില്ല. അലക്ഷ്യമായി കോളേജിലെ ജീവനക്കാരന് പരീക്ഷ പേപ്പര്‍ ഇട്ടപ്പോള്‍ വെറുതേ കളയേണ്ടല്ലോ എന്നു കരുതി സൂക്ഷിച്ചതാണന്ന്. തനിക്കിതില്‍ യാതൊരു പങ്കുമില്ലെന്നാണ് പുള്ളിക്കാരന്റെ വാദം. ഇതുകേട്ട് പോലീസുകാര്‍ അന്തം വിട്ടുപോയി. വല്ലാ പാവപ്പെട്ടവനുമായെങ്കില്‍ രണ്ട് പെട പെടച്ച് സകല പരീക്ഷകളുടേയും തിരിമറി കെട്ടിവയ്ക്കാമായിരുന്നു. ഇതുപിന്നെ സ്വന്തം പാര്‍ട്ടിയുടെ ആള് ആവശ്യമില്ലാതെ ക്വസ്റ്റ്യന്‍ ചെയ്താല്‍ പിന്നെ തങ്ങളിവിടെ കാണില്ല. രാവിലെ പിടിയിലായ സമയത്ത് കുത്തിയത് താനാണെന്ന് സമ്മതിച്ചെങ്കിലും വൈകുന്നേരം ശിവരഞ്ജിത്ത് കാലു മാറുകയും ചെയ്തു.
അതേസമയം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പോലീസ് അന്വേഷണത്തില്‍ ചുരുളഴിയുന്നതു കേരള സര്‍വകലാശാലയുടെയും പിഎസ്സിയുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന വിവരങ്ങളാണ്. കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ. നേതാവുമായ ശിവരഞ്ജിത്ത് പി.എസ്.സി. റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു വിവാദമായതിനു പിന്നാലെയാണ് ഇയാളുടെ വസതിയില്‍നിന്ന് എഴുതിയതും എഴുതാത്തതുമായ സര്‍വകലാശാലാ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും കണ്ടെടുത്തത്.
അന്വേഷണത്തിന്റെ മൂന്നാംദിവസം പോലീസ് നടത്തിയ തെരച്ചിലില്‍, കോളജിലെ എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസില്‍നിന്ന് റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ നൂറിലേറെ ഉത്തരക്കടലാസുകളും ബോട്ടണി വിഭാഗം പ്രഫസര്‍ ഡോ. എസ്. സുബ്രഹ്മണ്യന്റെ ഓഫീസ് സീലും കണ്ടെത്തി. 16 ബുക്ക്ലെറ്റുകളായാണ് എഴുതാത്ത ഉത്തരക്കടലാസുകള്‍. യഥാര്‍ത്ഥ സീല്‍ തന്റെ പക്കലുണ്ടെന്നും കണ്ടെത്തിയതു വ്യാജസീലാണെന്നും ഡോ. സുബ്രഹ്മണ്യന് പറഞ്ഞു. പരീക്ഷ കഴിയുമ്പോള്‍, ഉപയോഗിക്കാത്ത ഉത്തരക്കടലാസുകള്‍ വിദ്യാര്‍ഥിയുടെ റോള്‍ നമ്പര്‍ എഴുതി തിരിച്ചേല്‍പ്പിക്കണമെന്നാണു സര്‍വകലാശാലാച്ചട്ടം.
എന്നാല്‍ പുറത്തു നിന്നും ഉത്തരമെഴുതി പരീക്ഷാവേളയില്‍ കൈമാറുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യൂണിവേഴ്സിറ്റി കോളജില്‍ ഇടത് അനുഭാവികളായ ചില അധ്യാപകര്‍ ഇതിനു കൂട്ടുനിന്നതായും ആരോപണമുണ്ട്. ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത സീല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടേതാണ്. ശിവരഞ്ജിത്ത് പോലീസ് നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് പട്ടികയില്‍ ഒന്നാമനായത് സ്പോര്‍ട്സ് ക്വാട്ടയില്‍ ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു.
ശിവരഞ്ജിത്തിനെക്കൂടാതെ പിഎസ്സി. പരീക്ഷയെഴുതിയ മറ്റു ചിലരും സംശയനിഴലിലുണ്ട്. ഇവരില്‍ മിക്കവരും റാങ്ക് പട്ടികയില്‍ ഇടം നേടിയവരാണ്. വിവിധ കേസുകളില്‍ പ്രതികളായ ഇവര്‍ പോലീസ് വെരിഫിക്കേഷന് മറികടന്ന് എങ്ങനെ റാങ്ക് പട്ടികയിലെത്തിയെന്നതും ദുരൂഹം. പട്ടികയില്‍ ഒന്നാമതുള്ള ശിവരഞ്ജിത്ത് നല്കിയ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്നും അങ്ങനെയെങ്കില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയോയെന്നുമാണ് അന്വേഷണം. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയപശ്ചാത്തലവും പോലീസ് പരിശോധിക്കുന്നു. വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്ത്, നിസാം, പ്രവീണ്‍ എന്നിവരുടെ വിദ്യാഭ്യാസരേഖകളും പരിശോധിക്കും.
2017ലാണു കാസര്‍ഗോഡ് കെ.എ.പി. നാലാം ബറ്റാലിയനിലേക്കുള്ള നിയമനത്തിനു പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്. നിപ വൈറസ് ബാധയേത്തുടര്‍ന്നു പരീക്ഷ മാറ്റിവച്ചതിനു പിന്നാലെ പ്രളയമെത്തി. പ്രളയശേഷം പരീക്ഷ നടത്തി പെട്ടന്നു തന്നെ ഫലവും പുറത്തുവിട്ടു. കായികക്ഷമതാപരീക്ഷയ്ക്കു തയാറെടുക്കാന്‍ ദിവസങ്ങള്‍ മാത്രമേ ലഭിച്ചുള്ളുവെന്ന ആരോപണം നിലനില്‍ക്കേയാണു പിഎസ്സിയെ വെട്ടിലാക്കി പുതിയ വിവാദം വന്നിരിക്കുന്നത്.