കുന്നംകുളം: ഗുരുവായൂർ ദേവസ്വം കിഴേടമായ കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്ത്രതിൽ ക്ഷേത്രക്ഷേമസമിതിയുടെ നേതൃത്വത്തിൽ പുതിയതായി നിർമിച്ച ശിവശില്പവും നന്ദികേശ രൂപവും ഇന്ന് സമർപ്പിക്കും. 24 അടി ഉയരമുള്ള ശിവശില്പമാണ് ക്ഷേത്ര കവാടത്തിന് സമീപത്തായി കമനീയമായ രീതിയിൽ നിർമിച്ചിരിക്കുന്നത്. നന്ദികേശ രൂപത്തിന് ഏഴ് അടി വലുപ്പമുണ്ട്. ഇന്ന് വൈകിട്ട് ആറിന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് ശിവശില്പസമർപ്പണം നിർവഹിക്കും.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ സി.സി.ശശിധരൻ നന്ദികേശ ശില്പം അനാഛാദനം ചെയ്യും. ക്ഷേത്രസമിതി പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷനാകും. ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നന്പൂതിരിപ്പാട്, ക്ഷേത്രസമിതി സെക്രട്ടറി സി.എ.സത്യപ്രസാദ്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് നാരായണൻ നന്പൂതിരി, ക്ഷേത്രം മേൽശാന്തി നാരായണൻ നന്പൂതിരിപ്പാട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
നാളത്തെ ശിവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ മുതൽ വിശേഷാൽ പൂജകൾ, കലാപരിപാടികൾ, ഉച്ചയ്ക്ക് ഉത്സവ എഴുന്നള്ളിപ്പ്, വൈകിട്ട് ഏഴിന് വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള എന്നിവ ഒരുക്കിയിട്ടുണ്ട്.