കൊച്ചി: സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണ ഇടപാടിലും സംശയനിഴലില്‍ നില്ക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഇന്നു നിര്‍ണായക ദിനം.
കസ്റ്റംസും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
രണ്ടു കേസുകളിലും ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയാൽ ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുക്കാനാണു സാധ്യത.
അതേസമയം എന്‍ഐഎ രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ഇന്നലെ തീര്‍പ്പാക്കി.
ശിവശങ്കറിനെ പ്രതിയാക്കിയിട്ടില്ലാത്തതിനാൽ ജാമ്യാപേക്ഷ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് എന്‍ഐഎ വാദിച്ചു.ഭാവിയില്‍ എന്താവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
സ്വര്‍ണക്കടത്തിനെക്കുറിച്ചു ശിവശങ്കറിന് എല്ലാം അറിയാമെന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍. കോടതിയില്‍ ഇഡി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിൽ, ഇദ്ദേഹവും സ്വപ്ന സുരേഷും തമ്മിലുള്ള അടുത്തബന്ധം വ്യക്തമാക്കുന്നുണ്ട്.
സ്വപ്ന സ്വര്‍ണം കടത്തിയതും കമ്മീഷന് വാങ്ങിയതുമെല്ലാം ശിവശങ്കര്‍ അറിഞ്ഞിരിക്കണം.
സ്വപ്നയുടെ സാമ്പത്തിക അവസ്ഥ മോശമായിരുന്നെന്നും സഹായിക്കാന്‍ പരമാവധി ശ്രമിച്ചെന്നും ജോലി ലഭ്യമാക്കാന്‍ ശ്രമിച്ചെന്നും ശിവശങ്കര്‍തന്നെ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചകളെപ്പറ്റിയും ഡോളര്‍ കടത്തിനെപ്പറ്റിയും നിര്‍ണായക വിവരങ്ങള്‍ ഇഡിക്കും കസ്റ്റംസിനും ശിവശങ്കറില്‍നിന്നു ശേഖരിക്കാനുണ്ട്.
ഇതിന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലപാട്.