കരുവാരകുണ്ട്: ഭാഗ്യദേവത കടാക്ഷിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരൻ ലക്ഷപ്രഭുവായി. കാളികാവ് വെള്ളയൂർ കാവുങ്ങൽ സ്വദേശിയും മാന്പുഴ റബ്ബർ പ്രോസസിംഗ് യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വടക്കേതിൽ ശിവദാസൻ (63) നാണ് കാരുണ്യ ഭാഗ്യക്കുറിയുടെ 80 ലക്ഷം ലഭിച്ചു. ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ കാരുണ്യ 379 ലോട്ടറിയുടെ KZ 626471 എന്ന നന്പറിനാണ് ഒന്നാം സ്ഥാനമായ 80 ലക്ഷം ലഭിച്ചത് തുവ്വൂരിൽ കെആർകെ ലോട്ടറി ഏജൻസി നടത്തുന്ന രാമകൃഷ്ണനിൽ നിന്നാണ് ഇദ്ദേഹം ടിക്കെറ്റെടുത്തത്.
ശനിയാഴ്ച വൈകിട്ട് മൂന്നിന് നറുക്കെടുപ്പിന് ശേഷം നെറ്റിൽ തന്റെ ടിക്കറ്റിന്റെ നന്പർ ഉണ്ടോ എന്ന് പരിശോധിച്ച ശിവദാസൻ നിരാശയോടെ ടിക്കറ്റ് വലിച്ചെറിഞ്ഞു. നൂറു രൂപാ മുതൽ 5000 രൂപാ വരെയുള്ള നന്പറുകളിൽ തന്റെ ടിക്കറ്റ് ഉൾപ്പെടാത്തതായിരുന്നു ഇതിന് കാരണം. പിന്നീട് തന്റെ സുഹൃത്തിൽ നിന്നുമാണ് തുവ്വൂർ കെ.ആർ കെ ലോട്ടറി ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമുണ്ടന്ന് അറിയുന്നത്.
ഉടൻ വലിച്ചെറിഞ്ഞ ടിക്കറ്റും, നന്പറും നോക്കിയപ്പോൾ 80 ലക്ഷത്തിന്റെ ഭാഗ്യം തനിക്ക് സ്വന്തം.ശനിയും, ഞായറും ബാങ്ക് അവധിയായതിനാൽ ഒന്നാം സമ്മാനം ലഭിച്ച കാര്യം ശിവദാസൻ ആരോടും പറഞ്ഞില്ല. തിങ്കളാഴ്ച്ച രാവിലെ സമ്മാനാർഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുവാരക്കുണ്ട് ശാഖയിൽ ഏൽപ്പിച്ചു.